കാസർകോട് ∙ 30 വർഷത്തെ ആയുസ്സ് വാഗ്ദാനം ചെയ്ത്, 60 കോടി മുടക്കി കോവിഡ് കാലത്തു കാസർകോട് ചട്ടഞ്ചാലിൽ അതിവേഗം പണി തീർത്ത് 4987 കോവിഡ് രോഗികൾക്ക് ചികിത്സ നൽകിയ ടാറ്റ കോവിഡ് ആശുപത്രി പൊളിക്കുന്നു. എന്തുകൊണ്ട് എന്നതിന് ഉത്തരം സർക്കാർ അനാസ്ഥ. ഇപ്പോഴുള്ള ആശുപത്രി പൊളിക്കുന്ന സ്ഥലത്ത് 23 കോടി രൂപ മുടക്കി സ്പെഷ്യൽറ്റി ആശുപത്രി നിർമിക്കാൻ സർക്കാർ തീരുമാനിച്ചത് ആശ്വാസം പകരുന്നു.
ടാറ്റാ കമ്പനിയുടെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി 4.12 ഏക്കർ സ്ഥലത്ത് 81,000 ചതുരശ്ര അടി വിസ്തൃതിയിൽ പ്രിഫാബ്രിക്കേഷൻ സാങ്കേതിക വിദ്യയിൽ 125 കണ്ടെയ്നറുകൾ ഉപയോഗിച്ചു പണിത ആശുപത്രി പൊളിച്ചു നീക്കുന്നതിനു പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറെ നിയോഗിച്ചിരിക്കയാണ്.
ടാറ്റ ട്രസ്റ്റ് ഫണ്ടിനു പുറമേ റോഡ്, വൈദ്യുതി സൗകര്യങ്ങൾക്കായി സർക്കാരും ഇവിടെ 12 കോടി രൂപ ചെലവഴിച്ചിരുന്നു. കോവിഡിനു ശേഷം ആശുപത്രി വെറുതേ കിടന്നു. സംരക്ഷിക്കണമെന്ന മുന്നറിയിപ്പു പല കോണുകളിൽ നിന്നുയർന്നെങ്കിലും സർക്കാർ തിരിഞ്ഞുനോക്കിയില്ല. ചെസ്റ്റ് സ്പെഷ്യൽറ്റി ആശുപത്രി, പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രം, ഡയാലിസിസ് കേന്ദ്രം, എൻഡോസൾഫാൻ രോഗികൾക്കും ഭിന്നശേഷി വിഭാഗത്തിനും തെറപ്പി സൗകര്യം, കാൻസർ നിർണയ കേന്ദ്രം തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്ന അറിയിപ്പും ഉയർന്നു. ഇക്കാര്യത്തിലും സർക്കാർ തീരുമാനമെടുത്തില്ല.
കോവിഡ് കാലത്ത് അനുവദിച്ച 188 തസ്തികകൾ പിന്നീടു മറ്റ് ആശുപത്രികളിലേക്ക് മാറ്റി. 3 ക്ലറിക്കൽ ജീവനക്കാർ മാത്രമായി ഇവിടെ. 2020 ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ച ആശുപത്രി 3 വർഷം കൊണ്ട് നാശാവസ്ഥയിലായി. ചൂടുള്ള കാലാവസ്ഥയ്ക്ക് യോജിക്കാത്ത പ്രീഫാബ്രിക്കേഷൻ നിർമിതിയാണ് കെട്ടിടം നശിക്കാൻ കാരണമെന്നു സർക്കാരുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
∙ചോർച്ചയും തകർച്ചയും
ആശുപത്രി മേൽക്കൂര ചോർന്നൊലിക്കുന്ന നിലയിലാണ്. പ്ലൈവുഡ് കൊണ്ടു നിർമിച്ച തറ നശിച്ചു. വെന്റിലേറ്ററുകൾ അടക്കം ഉപകരണങ്ങൾ നശിച്ചു. സീലിങ് വഴിയും ജനൽ വഴിയും ഇലക്ട്രിക് പ്ലഗ് അടക്കമുള്ള ഭാഗത്ത് കൂടിയും വെള്ളം ഒലിച്ച് ഇറങ്ങുന്നു. ഇനി ആശുപത്രി ഉപയോഗിക്കാനാവില്ലെന്ന് കഴിഞ്ഞ വർഷം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി.
∙സർക്കാർ നിലപാട്
സ്പെഷ്യൽറ്റി ആശുപത്രിയായി ഉയർത്താനാണ് തീരുമാനം. റവന്യു ഭൂമി ആരോഗ്യ വകുപ്പിനു കൈമാറിയിട്ടുണ്ട്. നിർമാണത്തിനായി 23 കോടി രൂപ നൽകി. 50 കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കുന്നതിനുള്ള നിർദേശമാണു പരിഗണനയിലുള്ളത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രിയായി മാറ്റാനും തീരുമാനമുണ്ട്.
നിലവിലെ നിർമിതികൾ പൊതുമരാമത്ത് വിഭാഗം പൊളിച്ച് ലേലം ചെയ്യും. പുതിയ കെട്ടിടം പണിയുന്നതിന് മണ്ണു പരിശോധന പൂർത്തിയായി. ഘട്ടംഘട്ടമായാണ് നിലവിലെ കെട്ടിടം പൊളിച്ചു നീക്കുക. പക്ഷേ, ടാറ്റ നിർമിച്ച ആശുപത്രി വേണ്ടവിധം സംരക്ഷിച്ചിരുന്നെങ്കിൽ ഈ അധികച്ചെലവ് വരുമായിരുന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.