പുഷ്പ 2 എന്ന ചിത്രത്തിന്‍റെ വൻ വിജയമായതിന് ശേഷം അല്ലു അർജുൻ അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സണ്‍ പിക്ചേര്‍സ് ചിത്രം നിര്‍മ്മിച്ചേക്കും എന്നാണ് വിവരം. നേരത്തെ ബജറ്റ് പ്രശ്നത്താല്‍ സല്‍മാന്‍ ഖാന്‍ അറ്റ്ലി ചിത്രം ഉപേക്ഷിച്ചതിന് പിന്നാലെയാണ് അല്ലു അറ്റ്ലി ചിത്രത്തിന് അരങ്ങൊരുങ്ങിയത്.
ചില തമിഴ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ഈ ചിത്രത്തിൽ അല്ലു അര്‍ജുന് അഞ്ച് നായികമാർ ഉണ്ടായിരിക്കുമെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്. അതിൽ ബോളിവുഡ് നടി ജാൻവി കപൂർ പ്രധാന വേഷത്തിൽ അഭിനയിക്കുമെന്നാണ് വിവരം.
അമേരിക്കയും കൊറിയയും ഉൾപ്പെടെ ആഗോള തലത്തിൽ നിന്നുള്ള മൂന്ന് അന്താരാഷ്ട്ര അഭിനേത്രിമാരും ഈ ചിത്രത്തിൽ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ മറ്റൊരു തെന്നിന്ത്യന്‍ നടിയും ഈ സിനിമയിൽ അഭിനയിക്കുമെന്ന് പറയപ്പെടുന്നു.
ചിത്രം പുനർജന്മം എന്ന ആശയത്തെ ആസ്പദമാക്കിയുള്ളതാകാമെന്ന് അഭ്യൂഹമുണ്ട്, അതിൽ അല്ലു അർജുൻ ഇരട്ടവേഷങ്ങളിൽ പ്രത്യക്ഷപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും, ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. അറ്റ്ലിതന്നെ ചിത്രത്തിന് 100 കോടിയോളം പ്രതിഫലം ചാര്‍ജ് ചെയ്യുന്നു എന്നും വിവരമുണ്ട്.
കൂടാതെ, തമിഴ് നടൻ ശിവകാർത്തികേയനും ഈ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുമെന്നുള്ള അഭ്യൂഹങ്ങള്‍ വന്നിട്ടുണ്ട്.
തമിഴ് സിനിമകളായ രാജാ റാണി,തെരി,മെർസൽ,ബിഗിൽ” എന്നിവ സംവിധാനം ചെയ്ത അറ്റ്‌ലി, 2023-ൽ ഷാരൂഖ് ഖാനെ നായകനാക്കി ജവാൻ എന്ന ബോളിവുഡ് സിനിമ സംവിധാനം ചെയ്ത് വൻ വിജയം സ്വന്തമാക്കി.
ചിത്രം ബോക്‌സ് ഓഫിസിൽ 1000 കോടിയിലധികം കളക്ഷൻ നേടി. എന്നാല്‍ അതിന് ശേഷം തെറിയുടെ റീമേക്ക് ബേബി ജോണ്‍ ബോളിവുഡില്‍ നിര്‍മ്മിച്ചെങ്കിലും വിജയിച്ചില്ല.