കിഫ്ബിയ്ക്കെതിരായ അന്വേഷണത്തിനെതിരെ എംഎൽഎമാരായ കെകെ ശൈലജ, ഐബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിച്ചു. ഡിയുടേത് അനാവശ്യമായ കടന്നുകയറ്റമാണെന്നും ഇടപെടലുകൾ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നുമാണ് ഹർജിയിലെ ആരോപണം. ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇന്നു പരിഗണിക്കും. 73000 കോടി രൂപയുടെ പദ്ധതിയായ കിഫ് ബിയെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നെന്നാണ് ഹർജിയിലെ ആരോപണം. ബൃഹത്തായ പദ്ധതികൾ നിസ്സാര കാരണത്താൽ തകർക്കരുതെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ലംഘനമാണിത്.എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടി സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളിലേക്കുള്ള കടന്നു കയറ്റമെന്നും ഹർജിയിൽ പറയുന്നു.
അതിനിടെ കിഫ്ബി കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുന്പാകെ ഹാജരാകില്ല. കിഫ്ബിയുമായി ബന്ധപ്പെട്ട് എതു സാഹചര്യത്തിലാണ് തനിക്ക് നോട്ടീസ് നൽകിയത് എന്ന് മറുപടി വേണമെന്നാവശ്യപ്പെട്ട് തോമസ് ഐസക് കത്ത് നൽകുമെന്നാണ് വിവരം. ഇത് രണ്ടാം തവണയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തോമസ് ഐസക്കിനോട് ഹാജരാകാൻ ആവശ്യപ്പെടുന്നത്. തനിക്ക് ലഭിച്ച രണ്ട് നോട്ടീസുകളിലും താന്‍ ചെയ്ത കുറ്റം എന്തെന്നു വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയോ താനോ എങ്ങനെയാണ് ഫെമ നിയമം ലംഘിച്ചതെന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ട് സമൻസിലും പറഞ്ഞിട്ടില്ലെന്നും തോമസ് ഐസക് പറയുന്നു.റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പോലുളള ഏജൻസികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നെന്നുമാണ് സിപിഎം നിലപാട്.