Spread the love

നെന്മാറ (പാലക്കാട്) ∙ കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ മീൻ വിൽപനക്കാരനു ലഭിച്ചു. തിരുവഴിയാട് ചിറപ്പുറം വീട്ടിൽ മജീദ് വാങ്ങിയ എഫ്എക്സ് 492775 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത് . ഒപ്പം എടുത്ത വേറെ സീരീസിൽ ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകൾക്ക് 8,000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചു.

പതിവുപോലെ മീൻ വിൽക്കാൻ പോകും മുൻപു 10 രൂപ മാത്രം അഡ്വാൻസ് കൊടുത്തായിരുന്നു ഒരേ നമ്പരിലെ 5 ടിക്കറ്റുകൾ വാങ്ങിയത്. ബാക്കി 240 രൂപ മീൻവിൽപന കഴിഞ്ഞു തിരികെ വരുമ്പോൾ നൽകുകയായിരുന്നു. തിരുവഴിയാട് കരിങ്കുളത്തു ചില്ലറ വിൽപന നടത്തുന്ന ആർ.ചെന്താമരയിൽ നിന്നാണു പ്രധാന വിതരണക്കാരായ നെന്മാറ സുബ്ബലക്ഷ്മി ലോട്ടറി ഏജൻസിയുടെ ടിക്കറ്റ് വാങ്ങിയത്.

4 വർഷമായി മീൻകച്ചവടം നടത്തുന്ന മജീദിന് 20 വർഷമായി ലോട്ടറി വാങ്ങുന്ന ശീലമുണ്ട്. ചെറിയ തുകയുടെ സമ്മാനങ്ങൾ ലഭിക്കാറുണ്ടെങ്കിലും വലിയ തുക ലഭിക്കുന്നത് ആദ്യമായാണ്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഇന്നു ബാങ്കിൽ ഏൽപിക്കും.

Leave a Reply