ലോക ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിയാൻ ഇനി 50 നാൾകൂടി. ഒരുക്കത്തിലേക്കുള്ള അവസാന തയ്യാറെടുപ്പിലാണ് ടീമുകൾ. ഓരോ രാജ്യങ്ങളും അന്തിമ ടീമിനെ തെരഞ്ഞെടുക്കാൻ ഒരുങ്ങുന്നു. ഇനിയുള്ള നാളുകൾ നിർണായകമാണ്. ശാരീരികക്ഷമത നിലനിർത്തിയും പരിക്കേൽക്കാതെയും ഈ ദിനങ്ങൾ കടന്നുപോകണം കളിക്കാർക്ക്. പ്രധാന ലീഗുകൾ നവംബർ 13ന് ലോകകപ്പിന്റെ ഇടവേളയ്ക്കുപിരിയും. ഡിസംബർ 26ന് മാത്രമേ ലീഗ് വാതിലുകൾ വീണ്ടും തുറക്കുകയുള്ളൂ. നവംബർ പതിമൂന്നാണ് അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി. കോവിഡിന്റെ പശ്ചാത്തലത്തിൽ 26 വരെ കളിക്കാരെ ടീമിൽ ഉൾപ്പെടുത്താം. ഇന്നുമുതൽ വീണ്ടും ലീഗ് മത്സരങ്ങൾ തുടങ്ങുകയാണ്. നവംബർ രണ്ടാംവാരം സന്നാഹമത്സരങ്ങൾക്കായി വീണ്ടും ടീമുകൾ കളത്തിലിറങ്ങും.
യൂറോപ്യൻ ടീമുകൾക്ക് നേഷൻസ് ലീഗായിരുന്നു ലോകകപ്പിനുമുമ്പ് മാറ്റുരയ്ക്കാനുള്ള വേദി. ചാമ്പ്യന്മാരായ ഫ്രാൻസ് ഉൾപ്പെടെയുള്ള വമ്പന്മാർ പരുങ്ങി. ലാറ്റിനമേരിക്കയിൽ ബ്രസീലും അർജന്റീനയും മികച്ച പ്രകടനങ്ങൾ തുടർന്നു. സന്നാഹമത്സരങ്ങളിൽ തോൽവി അറിയാതെയാണ് കുതിപ്പ്. ഏഷ്യൻ, ആഫ്രിക്കൻ ടീമുകളും സൗഹൃദപ്പോരുകളിലായിരുന്നു.
നേഷൻസ് ലീഗിന്റെ അവസാനചിത്രം നോക്കുമ്പോൾ യൂറോപ്പിലെ വമ്പൻ ടീമുകൾക്ക് നിരാശയാണ്. കഴിഞ്ഞ ലോകകപ്പിലെ നാലാംസ്ഥാനക്കാരായ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി കിട്ടി. നേഷൻസ് ലീഗിൽ ഒരുകളിപോലും ഗാരെത് സൗത്ഗേറ്റിന്റെ സംഘത്തിന് ജയിക്കാനായില്ല. ഹാരി കെയ്നും ബുകായോ സാക്കയും ഫിൽ ഫോദെനുമൊക്കെ ഉൾപ്പെടുന്ന സംഘം തെളിയുന്നില്ല. ലോകകപ്പിന് യോഗ്യത നേടാൻ കഴിയാത്ത ഇറ്റലിയാണ് ഇംഗ്ലണ്ടും ജർമനിയും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് നേഷൻസ് കപ്പ് സെമിയിൽ കടന്നത്. ജർമനിക്ക് ഗ്രൂപ്പിൽ ഒരുജയംമാത്രം കിട്ടി.
ലോക ചാമ്പ്യന്മാരായ ഫ്രാൻസിനും നേടാനായത് ഒരുജയം. കിലിയൻ എംബാപ്പെയും ഒൺടോയ്ൻ ഗ്രീസ്മാനുമൊക്കെയുള്ള വമ്പന്മാരുടെ സംഘം അവസാനകളിയിൽ ഡെന്മാർക്കിനോട് തോറ്റു. കഴിഞ്ഞ യൂറോയിൽ മിന്നിയ ഡെന്മാർക്ക് ലോകകപ്പിലും ആ മികവ് നിലനിർത്താനുള്ള ഒരുക്കത്തിലാണ്. റഷ്യൻ ലോകകപ്പിലെ റണ്ണറപ്പായ ക്രൊയേഷ്യയും മികച്ച പ്രകടനം നടത്തി. നേഷൻസ് ലീഗിന്റെ സെമിയിലേക്ക് മുന്നേറാനായെങ്കിലും സ്പെയ്നിന്റെയും പ്രകടനം ആശാവഹമല്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ സംഘവും ആധികാരിക പ്രകടനമൊന്നും പുറത്തെടുത്തില്ല. യൂറോപ്പിൽ ഇക്കുറി മിന്നിയത് നെതർലൻഡ്സാണ്. ഒറ്റക്കളി തോറ്റിട്ടില്ല ഡച്ചുകാർ. ബൽജിയം ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഈ നേട്ടം.
പിഴവുകൾ തിരുത്തി ലോകകപ്പിൽ കുതിക്കാമെന്ന പ്രതീക്ഷയിലാണ് ഫ്രാൻസും ഇംഗ്ലണ്ടും ജർമനിയുമെല്ലാം. സൂപ്പർ താരങ്ങൾ ഇനിയും തെളിഞ്ഞില്ലെങ്കിൽ ഖത്തറിൽ അടിതെറ്റും. അർജന്റീനയും ബ്രസീലും ലോകകപ്പിലേക്ക് കരുത്തുറ്റ പ്രകടനങ്ങളുമായാണ് കടന്നുവരുന്നത്. ലയണൽ മെസിയുടെ മികവിൽ അർജന്റീന തോൽവിയറിയാതെ മുന്നേറി. യുവതാരങ്ങളും മിന്നുന്നു. ബ്രസീൽ നെയ്മറുടെ ചിറകിൽ കുതിക്കുകയാണ്. ഗോളടിച്ചും അടിപ്പിച്ചും കളിജീവിതത്തിലെ ഏറ്റവുംനല്ല നിമിഷങ്ങളിലാണ് നെയ്മർ. ഏഷ്യയിൽ ദക്ഷിണകൊറിയയും തിളങ്ങി. ആതിഥേയരായ ഖത്തർ സന്നാഹമത്സരങ്ങളിൽ നല്ല പ്രകടനം പുറത്തെടുത്തു.