Spread the love

കോവിഡ് മരണത്തിന് നഷ്ടപരിഹാരം 50,000 രൂപ ; തുക സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന്.


ന്യൂഡൽഹി : കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കു സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ ഫണ്ടിൽനിന്നു (എസ്ഡിആർഎഫ്) 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നു കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 4 ലക്ഷം രൂപ വീതം നഷ്sപരിഹാരം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഇക്കാര്യം അറിയിച്ചു സർക്കാർ സത്യവാങ്മൂലം നൽകിയത്.
ഭാവിയിൽ ഉണ്ടാകുന്ന കോവിഡ് മരണങ്ങൾക്കും ഇനിയൊരു വിജ്ഞാപനം ഉണ്ടാകുന്നതുവരെ വരെ ഈ തുക ബാധകമാണ്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ വഴിയോ ജില്ലാ ഭരണകൂടങ്ങൾ വഴിയോ ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലേക്കു തുക കൈമാറും. കോവിഡ് സ്ഥിരീകരിച്ചു 30 ദിവസത്തിനകം മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കുമെന്നു കേന്ദ്രസർക്കാർ നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അപേക്ഷയ്ക്കൊപ്പം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കണം. മരണകാരണം കോവിഡ് എന്നു സ്ഥിരീകരിക്കുന്ന മരണ സർട്ടിഫിക്കറ്റ് നിർബന്ധമായും നൽകണം.
പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി 30 ദിവസത്തിനകം അപേക്ഷ വിലയിരുത്തി അർഹത ഉറപ്പാക്കണം.പരാതികൾ എഡിഎം, ജില്ലാ മെഡിക്കൽ ഓഫിസർ, അഡീ. മെഡിക്കൽ ഓഫിസർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ / വകുപ്പു മേധാവി എന്നിവരുൾപ്പെട്ട സമിതി പരിശോധിക്കണം. തീരുമാനം പ്രതികൂലമെങ്കിൽ കാരണം വ്യക്തമാക്കണം.എന്നാൽ,നഷ്ടപരിഹാരം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കേണ്ടതു കേന്ദ്ര സർക്കാരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ബാധ്യതയും വഹിക്കില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിക്കുമെന്നു തോന്നുന്നില്ല. സംസ്ഥാനവും ഇക്കാര്യത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply