Spread the love
അനശ്വര നടന്‍ സത്യന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് അമ്പത്തൊന്നാണ്ട്

അനശ്വര നടന്‍ സത്യന്‍ വിട വാങ്ങിയിട്ട് ഇന്നേയ്ക്ക് 51 വര്‍ഷം തികയുന്നു. സംസ്ഥാന സര്‍ക്കാര്‍ മികച്ച നടനുള്ള അവാര്‍ഡ് ആദ്യമായി നല്‍കിയത് സത്യനായിരുന്നു. 1912 നവംബർ 9-ന് തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും മകനായാണ് സത്യൻ ജനിച്ചത്. അക്കാലത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാൻ പരീക്ഷ പാസായതിനു ശേഷം സ്കൂൾ അദ്ധ്യാപകനായി സെ. ജോസഫ് സ്കൂളിൽ ജോലി നോക്കി. 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അം‌ഗമായിരുന്നു. ശേഷം തിരിച്ചുപോരുകയും തിരുവിതാംകൂറിൽ പോലീസ് ആയി ചേരുകയും ചെയ്തു. 1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. .1952ല്‍ പ്രദര്‍ശനത്തിന് എത്തിയ ആത്മസഖിയിലൂടെ സത്യൻ മലയാള സിനിമാ ലോകത്ത് വരവറിയിച്ചു. സ്‍നേഹസീമ, ആശാദീപം, ലോകനീതി, തിരമാല എന്നീ സിനിമകളിലൂടെ സത്യൻ തുടർന്നു. ദേശീയതലത്തിലും അംഗീകാരം കിട്ടിയ നീലക്കുയിലിലെ അഭിനയത്തോടെ സത്യൻ മലയാള സിനിമയിലെ വിജയ നായകപട്ടം അണിഞ്ഞു. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു നീലക്കുയിൽ. മലയാളത്തിൽ തന്നെ രചിക്കപ്പെട്ട ആദ്യത്തെ മലയാളം സിനിമ ആയിരുന്നു നീലക്കുയിൽ. പ്രശസ്ത കഥകാരനായ ഉറൂബ് ആയിരുന്നു സിനിമ രചിച്ചത്. പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സം‌ഗീതം നൽകിയ ഈ സിനിമയിലെ ഗാനങ്ങൾ വളരെ പ്രശസ്തമായി. സം‌വിധാനം ചെയ്തത് പ്രശസ്ത സം‌വിധായകൻ രാമു കാര്യാട്ട്- പി. ഭാസ്കരൻ സഖ്യം ആയിരുന്നു.

ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജൻ, യക്ഷി എന്ന ചിത്രത്തിലെ പ്രൊ. ശ്രീനി എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു നടനായിട്ടാണ് സത്യനെ കണക്കാക്കുന്നത്. മലയാളത്തിൽ 150ലേറെ ചിത്രങ്ങളിൽ സത്യൻ അഭിനയിച്ചു. ചെമ്മീൻ എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ എന്നും എടുത്തുപറയാവുന്ന ഒന്നാണ്. ചലച്ചിത്ര അവാര്‍ഡുകള്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ചപ്പോൾ അത് കരസ്ഥമാക്കിയത് സത്യനായിരുന്നു. കടല്‍പ്പാലം എന്ന സിനിമയിലെ അഭിനയത്തിനാണ് സത്യൻ മികച്ച നടനായത്. മരണാനന്തരവും സത്യന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കരകാണാക്കടല്‍ എന്ന സിനിമയിലെ അഭിനയത്തിന് ആണ് സത്യന് അവാര്‍ഡ് ലഭിച്ചത്.

Leave a Reply