തിരുവനന്തപുരം: നാളെ മാതൃഭാഷാ ദിനാചരണം നടക്കവേ, ഇക്കുറി എസ്.എസ്.എൽ.സി പരീക്ഷ മലയാളം മീഡിയത്തിൽ എഴുതുന്നത് 42 ശതമാനം കുട്ടികൾ മാത്രം. 57.20 ശതമാനം കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിലാണ്. മൊത്തം 4,19,363 പേരാണ് പരീക്ഷയെഴുതുന്നത്. 2,39,881 പേരും ഇംഗ്ലീഷ് മീഡിയത്തിലാണ്.
1,76,158 പേർ മലയാളം മീഡിയത്തിലും 2,041 പേർ കന്നഡയിലും 1,283 പേർ തമിഴിലുമാണ് എഴുതുന്നത്. 2015 മുതൽ ഇംഗ്ളീഷ് മീഡിയത്തിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണം കൂടിവരുകയായിരുന്നു. കഴിഞ്ഞവർഷം 2,31,606 പേർ ഇംഗ്ലീഷ് മീഡിയത്തിലുണ്ടായിരുന്നു. ഇത്തവണഅത് 2,39,881 ആയി. 8275 പേരുടെ വർദ്ധന.
മലയാളം മീഡിയത്തിൽ 1,91,756 പേരുണ്ടായിരുന്നത് 1,76,158 ആയി കുറഞ്ഞു. 15,598 പേരുടെ വ്യത്യാസം. അൺ എയ്ഡഡ് സ്കൂളുകളിലേക്കുള്ള കുട്ടികളുടെ ചേക്കേറൽ തടയുക എന്ന ലക്ഷ്യത്തോടെ സർക്കാർ സ്കൂളുകളിൽ ഇംഗ്ളീഷ് മീഡിയം കൂടി ആരംഭിച്ചതോടെയാണ് വലിയ വ്യത്യാസം വന്നത്.
2015ൽ മലയാളം മീഡിയത്തിൽ പഠിച്ച് പരീക്ഷയെഴുതിയവർ 3,32,693 ആയിരുന്നെങ്കിൽ ഇംഗ്ലീഷ് മീഡിയത്തിൽ 1,30,093 ആയിരുന്നു. എട്ട് വർഷത്തിനിടെ മലയാളം മീഡിയത്തെ മറികടന്ന് ഇംഗ്ലീഷ് മീഡിയത്തിൽ പരീക്ഷ എഴുതുന്നവരുടെ എണ്ണം 57 ശതമാനം കവിഞ്ഞു.