കൊച്ചി: എല്ലാത്തിനും കൃത്യമായ രേഖകൾ ഉണ്ട്. തന്റെ അധീനതയിലുള്ള പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാവും നടനുമായ സൗബിൻ ഷാഹിർ. ഇ.ഡിക്ക് മുന്നിലാണ് സൗബിൻ മൊഴി നൽകിയത്.സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനാണെന്നും വാങ്ങിയ ഏഴ് കോടിയിൽ ആറര കോടി തിരികെ നൽകിയെന്നും നിർമ്മാതാക്കള്‍ ഇ.ഡിയോട് വ്യക്തമാക്കി.
ജൂണ്‍ 11നാണ് മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ കള്ളപ്പണ ഇടപാടുകളിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസുണ്ട്. സിനിമയുടെ നിർമ്മാണത്തിനായി തന്റെ പക്കൽ നിന്നും പണം വാങ്ങി കബളിപ്പിച്ചതായി സിറാജ് എന്ന നിർമ്മാതാവാണ് പരാതി നൽകിയത്.
ഏഴ് കോടി രൂപയാണ് പറവ ഫിലിംസിന് നൽകിയത്. ചിത്രം ബോക്സ്ഓഫീസില്‍ മികച്ച കളക്ഷനാണ് സ്വന്തമാക്കിയതെങ്കിലും ഒരു രൂപ പോലും തിരികെ ലഭിച്ചിട്ടില്ല എന്നായിരുന്നു സിറാജിന്റെ പരാതി.