കുമളി ∙ ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്പൻ, കുമളിക്ക് സമീപം വരെ എത്തിയതായി റിപ്പോർട്ട്. ആകാശദൂരം അനുസരിച്ച് അരിക്കൊമ്പൻ കുമളിക്ക് ആറു കിലോമീറ്റർ വരെ അടുത്തെത്തിയെന്നാണ് വിവരം. തുടർന്ന് ആനയെ ഇറക്കിവിട്ട മേദകാനം ഭാഗത്തേക്കു മടങ്ങിയെന്നാണ് വിവരം.
അരിക്കൊമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽനിന്നുള്ള വിവരങ്ങൾ വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും തുടരുന്നു.ഇന്നലെയാണ് അരിക്കൊമ്പൻ കുമിളിക്കു സമീപം എത്തിയതെന്നാണ് ജിപിഎസ് കോളറിൽനിന്നുള്ള വിവരങ്ങൾ വച്ച് വനംവകുപ്പ് അറിയിച്ചത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.
കുമളിക്ക് ആറു കിലോമീറ്റർ അടുത്തെത്തി എന്നു പറയുമ്പോഴും, പഴയ തട്ടകമായ ചിന്നക്കനാലിലേക്ക് എത്തുക അത്ര എളുപ്പമല്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. തമിഴ്നാടിന്റെ വനമേഖലയിൽ ഉൾപ്പെടെ അരിക്കൊമ്പൻ ഇതിനകം യാത്ര ചെയ്തെങ്കിലും ചിന്നക്കനാലിലേക്കു മടങ്ങുന്നതിന്റെ യാതൊരു സൂചനയും ലഭ്യമല്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.
പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് കഴിഞ്ഞ ദിവസം തന്നെ അരിക്കൊമ്പൻ തിരിച്ചെത്തിയിരുന്നു. അരിക്കൊമ്പൻ പെരിയാറിലെ സീനിയർ ഓട എന്ന ഭാഗത്തുള്ളതായി കണ്ടെത്തിയിരുന്നു. ആറു ദിവസം മുൻപാണ് ആന തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെടുക ആയിരുന്നു.
അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ആറു ദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്നാട് തള്ളിക്കളയുന്നില്ല. അതിനാൽ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിർദേശിച്ചിരിക്കുന്നത്.