Spread the love

ഫ്ലോറിഡ ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ആറു മാസത്തെ വാസത്തിനു ശേഷം നാലു ബഹിരാകാശ സഞ്ചാരികൾ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി. തിങ്കളാഴ്ച പുലർച്ചെ ഫ്ലോറിഡയിലെ ജാക്സണ്‍വില്‍ തീരത്താണു നാലംഗ സംഘവുമായി സ്പേസ്‌എക്സിന്റെ ഡ്രാഗണ്‍ പേടകം കടലിൽ ഇറങ്ങിയത്.
നാസയിലെ സ്റ്റീഫന്‍ ബോവന്‍, വാരൻ വൂഡി ഹുബര്‍ഗ്, യുഎഇ സുല്‍ത്താന്‍ അല്‍ നെയാദി, റഷ്യൻ ബഹിരാകാശ സഞ്ചാരി ആന്ദ്രെ ഫെദ്യേവ് എന്നിവരാണു മടങ്ങിയെത്തിയത്. ഐഎസ്എസ് പേടകത്തിലെ താമസത്തിനും പരീക്ഷണങ്ങൾക്കും ശേഷം സുഗമമായി മടങ്ങിയെത്തുന്ന ആറാമത്തെ സംഘമാണ് ഇവർ. മാര്‍ച്ച് രണ്ടിനാണു കെന്നഡി സ്പേസ് സെന്ററില്‍നിന്നു ഇവർ യാത്ര തിരിച്ചത്. ഞായറാഴ്ച രാവിലെ 7.05ന് ഐഎസ്എസിൽനിന്നു 13 അടി ഉയരമുള്ള ഡ്രാഗണ്‍ പേടകത്തിൽ മടക്കയാത്ര ആരംഭിച്ച സംഘം, ഒരു ദിവസത്തിനു ശേഷമാണു ഭൂമിയിൽ എത്തിയത്.

‌മണിക്കൂറിൽ 27,000 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചാരം. അവസാനഘട്ടത്തിൽ പേടകത്തിന്റെ ചൂട് 1,900 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നു. എന്നാൽ, യാത്രികർക്കു പരമാവധി 37.8 ഡിഗ്രി സെൽഷ്യസ് ചൂട് മാത്രം ബാധിക്കുന്ന തരത്തിലായിരുന്നു പേടകത്തിന്റെ രൂപകൽപന. നാസ-സ്‌പേസ് എക്‌സിന്റെ ക്രൂ-6 ബഹിരാകാശ യാത്രികർ നേരത്തേ 26 മണിക്കൂർ യാത്രയ്‌ക്കൊടുവിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയത്. ഭൂമിയിൽനിന്ന് ഏകദേശം 420 കിലോമീറ്റർ മുകളിൽ കറങ്ങുന്ന ലബോറട്ടറിയാണ് ഐഎസ്എസ്.

Leave a Reply