മാനന്തവാടി : അഞ്ചരക്കിലോ ഗ്രാം തൂക്കമുള്ള ആനക്കൊമ്പുമായി 6 പേർ വനപാലകരുടെ പിടിയിലായി. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും കോഴിക്കോട് ഫ്ലയിങ് സ്ക്വാഡിന്റെ കൽപറ്റ യൂണിറ്റും ബേഗൂർ റേഞ്ച് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ആനക്കൊമ്പ് കച്ചവടം നടക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
മാനന്തവാടിയിലെ ഒരു സർവീസ് സ്റ്റേഷന്റെ പരിസരത്ത് നിർത്തിയിട്ട കാറിൽ നിന്നാണ് ആനക്കൊമ്പ് കണ്ടെത്തിയത്. ഇൗ വാഹനവും പ്രതികളുടെ മൊബൈൽ ഫോണുകളും വനപാലകർ കസ്റ്റഡിയിൽ എടുത്തു. പരിസരത്തെ ലോഡ്ജിൽനിന്നാണ് 6 പ്രതികളെയും കസ്റ്റഡിയിൽ എടുത്തത്.
കർണാടക പൊന്നമ്പേട്ട അറവത്തൊക്കളു സ്വദേശികളായ ഫിലിപ്പോസ് മാത്യു(68), ബി.വി.രാജ, പോളിബെട്ട ഷെട്ടിഗിരി ഗപ്പ, വയനാട് വാകേരി സ്വദേശികളായ മൂടക്കൊല്ലി കാക്കനാട് വീട്ടിൽ കെ.ടി.എൽദോ, കക്കാടംകുന്ന് എടത്തറ വീട്ടിൽ ഇ.എസ്.സുബീഷ് (36), കല്ലൂർക്കുന്ന് കാക്കനാട്ട് വീട്ടിൽ ജസ്റ്റിൻ ജോസ്(24) എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്യലിനു ശേഷം ബേഗൂർ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി.
പ്രതികളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കർണാടകയിലെ തിത്തിമത്തി റേഞ്ച് പരിധിയിൽനിന്നു മറ്റൊരു ആനക്കൊമ്പിന്റെ ഭാഗവും കേരള വനപാലകർ കണ്ടെടുത്തു. കർണാടക വനംവകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടികൂടിയ ആനക്കൊമ്പിന് 2 വർഷത്തിലേറെ പഴക്കമുണ്ടെന്നാണു നിഗമനം. കർണാടകയിലെ ആദിവാസി വിഭാഗത്തിൽനിന്നു ചെറിയ വിലയ്ക്ക് കൈക്കലാക്കിയ ആനക്കൊമ്പ് 5 ലക്ഷം രൂപയ്ക്ക് മറിച്ചു വിൽക്കാനുള്ള ശ്രമത്തിനിടെയാണ് സംഘം പിടിയിലായതെന്നാണു സൂചന.