മലമ്പുഴ : കഞ്ചിക്കോട്– മലമ്പുഴ റോഡിൽ പന്നിമടയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് 6 പേർക്കു പരുക്ക്. എലപ്പുള്ളി സ്വദേശികളായ സി.ബിജു (26), കെ.വിജീഷ് (27), വി.വെങ്കിടാചലം (45), കെ.സന്തോഷ് (34), കെ.തങ്കരാജ് (43), പാറ സ്വദേശി ജി.മുരളീദാസ് (47) എന്നിവർക്കാണു പരുക്ക്. പൊലീസും അഗ്നിരക്ഷാസേനയും എത്തി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം.
കാർ അമിതവേഗത്തിലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. റോഡരികിലെ മരത്തിൽ ഇടിച്ച ശേഷം സമീപത്തെ കാട്ടിലേക്കു കടന്ന് അവിടെയുണ്ടായിരുന്ന മരത്തിലും ഇടിച്ച കാർ പൂർണമായും തകർന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു കാർ വെട്ടിപ്പൊളിച്ചാണ് ആറു പേരെയും പുറത്തെടുത്തത്. കഞ്ചിക്കോട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.രമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.