കാലവര്‍ഷം കനത്തപ്പോള്‍ സംസ്ഥാനത്തുണ്ടായത് 61.41 കോടി രൂപയുടെ കൃഷിനാശം. ഏറ്റവും കൂടുതല്‍ കൃഷിനാശം വയനാട് ജില്ലയിലാണ്. 11.58 കോടി രൂപയുടെ നാശനഷ്ടമാണ് വയനാട്ടിലുണ്ടായത്. മലപ്പുറത്ത് 8.77 കോടി രൂപയുടെയും കോഴിക്കോട് 6.56 കോടി രൂപയുടെയും കൃഷി നശിച്ചു. 23, 545 കര്‍ഷകരെ മഴ പ്രതികൂലമായി ബാധിച്ചുവെന്നും കൃഷിവകുപ്പിന്റെ കണക്കില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും.
തീരമേഖലയിലും മലയോരമേഖലയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. ഒഡിഷയ്ക്ക് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതും ഗുജറാത്ത് കര്‍ണാടക തീരങ്ങളിലെ ന്യൂനമര്‍ദപാത്തിയുമാണ് മഴയ്ക്ക് പ്രധാന കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരും.
വടക്ക് പടിഞാറന്‍ സംസ്ഥാനങ്ങളിലും ഹിമാലയന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മഹാരാഷ്ട്രയില്‍ മൂന്ന് ജില്ലകളില്‍ അതി തീവ്ര മഴയാണ്. മറാത്തവാഡ, വിദര്‍ഭ മേഖലകളിലായി 128 ഗ്രാമങ്ങളുമായുള്ള ആശയവിനിമയം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പ്രദേശത്ത് നിന്നും 200 ഓളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.