’27 വയസ്സുള്ള ഖാലിദിന്റെ മുന്നിൽ 68 വയസ്സുള്ള മമ്മൂക്ക ഒരു കൊച്ചു കുട്ടിയെ പോലെ എല്ലാം അനുസരിച്ചു’. ഇങ്ങനെയൊരു തലക്കെട്ട് വായിക്കുമ്പോൾ ഇതൊക്കെ ഇപ്പോൾ? എങ്ങനെ? ആരാണീ ഈ 27 വയസുകാരൻ എന്നൊക്കെ ചിന്തിക്കാത്ത മലയാളികൾ കാണില്ല. സംഭവം സത്യമാണ്. മലയാളത്തിലെ തിരക്കുള്ള നടനും തന്റേതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക പിന്തുണയും ആർജിച്ച യുവനടൻ ഷൈൻ ടോം ചാക്കോ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണിവ.
മമ്മൂക്കയും മോഹൻലാലും മലയാളത്തിലെ മറ്റു നടി -നടന്മാരിൽ നിന്നും വ്യത്യസ്തമായി ഡയറക്ടർമാരുടെ ആർട്ടിസ്റ്റുകളാണ്. സംവിധായകന്മാർ പറയുന്നത് അനുസരിച്ച് അഭിനയിക്കുന്നവർ. മമ്മൂട്ടിയും മോഹൻലാലും ഒരു ഭരതൻ സിനിമയിലോ പത്മരാജൻ സിനിമയിലോ അഭിനയിക്കുകയാണെങ്കിൽ അത് ആ സംവിധായകരുടെ സിനിമയായിട്ടാണ് അറിയപ്പെടുക. ഇതാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രത്യേകതയെന്നും എന്നാൽ ബാക്കി നടി -നടന്മാർ ഏത് സിനിമയിൽ അഭിനയിച്ചാലും അത് അവരുടെ പേരിലാണ് അറിയപ്പെടുകയെന്നും ഷൈൻ പറയുന്നു.
മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോ കൂടി അഭിനയിച്ച ഖാലിദ് റഹ്മാൻ പടം ‘ഉണ്ട’യെ ഉദ്ധരിച്ചായിരുന്നു നടന്റെ അഭിപ്രായപ്രകടനം. ഉണ്ടയുടെ സെറ്റിൽവെച്ച് 27 വയസ്സു മാത്രം പ്രായമുള്ള സംവിധായകൻ ഖാലിദ് പറയുന്നത് ഒരു കൊച്ചു കുട്ടിയെ പോലെ മമ്മൂക്ക കേട്ടു നിൽക്കുകയായിരുന്നു. ഇത് കണ്ട് താൻ അതിശയിച്ചു പോയെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോ പറയുന്നു.