ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ തിളങ്ങി മലയാള സിനിമയും താരങ്ങളും. മികച്ച നടി, സഹനടൻ, ഗായിക, സംവിധായകൻ തുടങ്ങി പ്രധാന പുരസ്കാരങ്ങളെല്ലാം മലയാളികൾ സ്വന്തമാക്കി. മികച്ച സംവിധായകനായി അന്തരിച്ച സംവിധായകൻ സച്ചി (അയ്യപ്പനും കോശിയും) തെരഞ്ഞെടുക്കപ്പെട്ടു. ‘സൂരരൈ പൊട്രു’വിലെ അഭിനയത്തിന് അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയും ദേശീയ പുരസ്കാര വേദിയിൽ ഒരുപിടി ചിത്രങ്ങൾ വാങ്ങിക്കൂട്ടി. നാല് അവാർഡുകളാണ് അയ്യപ്പനും കോശിക്കും ലഭിച്ചത്. ‘അയ്യപ്പനും കോശിയി’ലെയും അഭിനയത്തിന് ബിജു മേനോന്‍ മികച്ച സഹനടനാണ്. ചിത്രത്തിലെ ജനപ്രിയ ഗാനമായ ‘കലക്കാത്ത’ എന്ന ഗാനത്തിലൂടെ നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി.
സുരൈര് പോട്രിലെ അഭിനയത്തിലൂടെ സൂര്യയും താനാജിയിലൂടെ അജയ് ദേവഗണും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. മികച്ച പ്രൊഡക്ഷൻ ഡിസൈൻ മുസ്തഫ സംവിധാനം ചെയ്ത കപ്പേളയ്ക്കാണ്. അനീഷ് നാടോടിയാണ് ഡിസൈൻ. ‘തിങ്കളാഴ്ച്ച നിശ്ചയം’ ആണ് മികച്ച മലയാള ചിത്രം. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കിന് പ്രത്യേക പരാമർശമുണ്ട്. അനൂപ് രാമകൃഷ്ണൻ രചിച്ച എം ടി അനുഭവങ്ങളുടെ പുസ്തകമാണ് മികച്ച ചലച്ചിത്ര ഗ്രന്ഥം. നോണ്‍ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ശബ്ദിക്കുന്ന കലപ്പയുടെ ഛായാഗ്രാഹകൻ നിഖിൽ എസ് പ്രദീപിനാണ്. നന്ദന്റെ ഡ്രീമിങ് ഓഫ് വേർഡസാണ് മികച്ച വിദ്യാഭ്യാസ ചിത്രം.