Spread the love
68-ാമത്‌ നെഹ്രുട്രോഫി വള്ളംകളിക്ക് പുന്നമടയൊരുങ്ങി; ഉച്ചയ്ക്ക് 2 മണിക്ക് ഔദ്യോഗിക ഉദ്ഘാടനം

ആലപ്പുഴ: ഓളപരപ്പിലെ ഒളിംപിക്സ് എന്ന് അറിയപ്പെടുന്ന അറുപത്തിയെട്ടാമത് നെഹ്രുട്രോഫി ജലമേള ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് വള്ളം കളിയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് വള്ളംകളി ഉദ്ഘാടനം ചെയ്യുക.

20 ചുണ്ടൻവള്ളങ്ങൾ അടക്കം 79 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന വള്ളംകളിയുടെ ആവേശത്തിലാണ് ആലപ്പുഴ. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, കെ.എൻ. ബാലഗോപാൽ, കെ.രാജൻ, പി.പ്രസാദ്, റോഷി അഗസ്റ്റിൻ എന്നിവരും ജില്ലയിലെ എം.പിമാരും എം.എൽ.എമാരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ജില്ലാ കളക്ടർ വി.ആർ.കൃഷ്‌ണതേജ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നെഹ്റു ട്രോഫി വള്ളംകളിയുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് വ്യോമസേനയുടെ ബാൻഡ് ഉണ്ടാകും. വ്യോമസേന പബ്ലിസിറ്റി സെല്ലും വള്ളംകളിയിൽ പങ്കെടുക്കുമെന്ന് ഉറപ്പായി.
രാവിലെ 11ന് മത്സരങ്ങൾ തുടങ്ങും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉദ്ഘാടനത്തിന് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. വൈകിട്ട് നാലു മുതൽ അഞ്ചു വരെയാണ് ഫൈനൽ മത്സരങ്ങൾ. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിൽ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ഓരോ ഹീറ്റ്സിലും നാലു വള്ളങ്ങൾ വീതം മത്സരിക്കും. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുക.

മികച്ച സമയം കുറിക്കുന്ന ഒൻപത് ചുണ്ടൻ വള്ളങ്ങൾ അടുത്ത വർഷത്തെ ചാംപ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടും. ഇത്തവണ ആദ്യമായി ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. കഴിഞ്ഞ തവണത്തേതിനു (2019ൽ) സമാനമായി സ്റ്റാർട്ടിങ് ഡിവൈസ്, ഫിനിഷിങ് പോയിന്റിൽ ഫോട്ടോ ഫിനിഷിങ് ഡിവൈസ് എന്നിവ ഉപയോഗിക്കും.

ടൂറിസ്റ്റ് ഗോൾഡ്, സിൽവർ പാസുകൾ എടുത്തിട്ടുള്ളവരും ബോട്ട് യാത്ര ഉൾപ്പെടെ പാസ് എടുത്തവരും ബോട്ടിൽ നെഹ്റു പവിലിയനിലേക്ക് പോകുന്നതിന് രാവിലെ 10ന് ഡിടിപിസി ജെട്ടിയിൽ എത്തണം. ഹരിതചട്ടം പാലിച്ചാണ് വള്ളംകളി നടത്തുന്നത്. ഗാലറികളിൽ പ്രവേശിക്കുന്നവരും കരയിൽ നിൽക്കുന്നവരും കനാലിലേക്കും കായലിലേക്കും പ്ലാസ്റ്റിക് കുപ്പികളോ മറ്റു മാലിന്യങ്ങളോ വലിച്ചെറിയരുത്. രാവിലെ 10ന് ശേഷം ഡിടിപിസി ജെട്ടി മുതൽ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സർവീസ് അനുവദിക്കില്ല.

ഒൻപത് വിഭാഗങ്ങളിലായി 77 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയിൽ മാറ്റുരയ്ക്കുന്നത്. ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ 20 വള്ളങ്ങളുണ്ട്. ചുരുളൻ -3, ഇരുട്ടുകുത്തി എ ഗ്രേഡ് -5, ഇരുട്ടുകുത്തി ബി ഗ്രേഡ് -16, ഇരുട്ടുകുത്തി സി ഗ്രേഡ് -13, വെപ്പ് എ ഗ്രേഡ് -9, വെപ്പ് ബി ഗ്രേഡ് -9, തെക്കനോടി(തറ) -3, തെക്കനോടി(കെട്ട്)- 3 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം.

Leave a Reply