Spread the love

തിരുവനന്തപുരം∙ വർക്കല കവലയൂരിൽ വളർത്തുനായ്ക്കളെ കാവൽ നിർത്തി ലഹരി മരുന്ന് കച്ചവടം നടത്തിയവരെ വീട് വളഞ്ഞ് പൊലീസ് പിടികൂടി. നീലൻ എന്ന് വിളിക്കുന്ന ശൈലനും കൂട്ടാളികളുമാണ് പിടിയിലായത്. ഇവിടെനിന്ന് ലഹരിമരുന്ന് ശേഖരവും കണ്ടെത്തി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി പതിനൊന്നോടെ എത്തിയ പൊലീസ് സംഘം അതിസാഹസികമായാണ് പ്രതികളെ പിടികൂടിയത്.

കവലക്കുന്നിൽ ശശികലാ ഭവനിൽ ശൈലന്‍റെ വീട് കേന്ദ്രീകരിച്ചായിരുന്നു ലഹരി മരുന്ന് വിൽപ്പന. കാവലായി മുറ്റത്ത് ഏഴ് നായ്ക്കളുണ്ടായിരുന്നതിനാൽ പൊലീസിന് അകത്തേക്ക് കടക്കാനായില്ല. പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളെയായിരുന്നു മുറ്റത്ത് അഴിച്ചുവിട്ടിരുന്നത്. പൊലീസ് സംഘത്തെ കണ്ടതും നായ്ക്കൾ കുരച്ചെത്തി. ഗേറ്റ് തുറന്ന് അകത്ത് കടക്കാൻ കഴിയാതെ വന്നതോടെ പൊലീസ് വീട് വളഞ്ഞു.

അതിനുശേഷം നായ്ക്കളെ തന്ത്രപൂർവം കെട്ടിയിടുകയായിരുന്നു. നീലനടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇവിടെ നിന്നും കഞ്ചാവ്, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നും കണ്ടെത്തി. ലഹരി മരുന്ന് പൊതിഞ്ഞ് വിൽക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.

വർക്കലയിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ഏറെനാളായി സംഘം ലഹരിമരുന്ന് വിൽപന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പ് കല്ലമ്പലം പ്രസിഡന്‍റ് ജങ്ഷനിൽ വീട് വാടകയ്ക്കെടുത്ത് നായ്ക്കളെ മറയാക്കി ലഹരി കച്ചവടം നടത്തിയ സംഘം പിടിയിലായിരുന്നു.

Leave a Reply