താമരശ്ശേരി: പുതുപ്പാടി മലപുറം ഭാഗത്ത് 2 വയസ്സുള്ള കുട്ടി ഉൾപ്പെടെ 7 പേർക്കു തെരുവുനായയുടെ കടിയേറ്റു. ഇവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.ഈങ്ങാപ്പുഴ പാറപ്പുറത്ത് അഭിൻരാഗ് (17), ഫിറോസ് (38), ഈങ്ങാപ്പുഴ പുറ്റേൻകുന്ന് ഹിബ ഫാത്തിമ (6), വാവാട് അണ്ടോണ റംലാൻ (2), തിരുവമ്പാടി ചെറുകാട്ടിൽ സൈനുദ്ദീൻ (66), മലപുറം വളഞ്ഞപാറ ഇസ്മായിൽ (45), എലോക്കര പുറ്റേൻകുന്ന് മുഹമ്മദ് മസ്റൂർ (18) എന്നിവർക്കാണു പരുക്കേറ്റത്.
സാരമായി മുറിവേറ്റ സൈനുദ്ദീനെ ചികിത്സയ്ക്കു ശേഷം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവർ വാക്സിനേഷൻ എടുത്തു. ഇവരിൽ ചിലരോട് തുടർചികിത്സയ്ക്കു മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടു മൂന്നോടെയാണു സംഭവം. ഈങ്ങാപ്പുഴ ഭാഗത്ത് നിന്നു മലപുറം ഭാഗത്തേക്കു വന്ന തെരുവുനായയാണ് ആക്രമിച്ചത്.
പിന്നീട് ചത്തനിലയിൽ കണ്ടെത്തിയ നായയ്ക്കു പേവിഷബാധയുണ്ടെന്നു സംശയമുള്ളതിനാൽ പോസ്റ്റ്മോർട്ടത്തിനായി നാട്ടുകാർ പൂക്കോട് വെറ്ററിനറി കോളജിൽ എത്തിച്ചു. വളർത്തുമൃഗങ്ങളെയും ഈ തെരുവുനായ കടിച്ചതായി സംശയിക്കുന്നു.