അസാധാരണമായ രീതിയിൽ മുഖ്യമന്ത്രി കടന്ന് പോകുന്ന വഴികളിലുടനീളം റോഡടച്ച് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുളളത്. മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാർ. എസ് പി നേരിട്ട് സുരക്ഷക്ക് മേൽനോട്ടം വഹിക്കും. മുഴുവൻ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാർക്കാണ് ചുമതല നൽകിയിട്ടുള്ളത്. പൊന്നാനി കുറ്റിപ്പുറം റോഡ് 9 മണിക്ക് ശേഷം അടക്കും. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ട് കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നാല് പേരെ കരുതൽ തടങ്കലിലാക്കിയത്. ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത പൊതു പരിപാടികളുണ്ടായിരുന്ന കോട്ടയത്തും കൊച്ചിയിലും സാധാരണക്കാരെ മണിക്കൂറുകളോളം ബൂദ്ധിമുട്ടിലാക്കി കനത്ത സുരക്ഷയാണ് ഒരുക്കിയത്. എന്നാൽ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവും കരിങ്കൊടിയുമുണ്ടായ സാഹചര്യത്തിൽ അതിലേറെ സുരക്ഷയാണ് ഇന്ന് മുഖ്യമന്ത്രിക്ക് രണ്ട് പരിപാടികളുള്ള മലപ്പുറത്ത് ഒരുക്കിയിട്ടുള്ളത്.