ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7584 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു.3791 പേർ രോഗമുക്തരായി.ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 36,267 ആയി ഉയർന്നു.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 24 പേരാണ് 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് മരിച്ചത്.ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 524747 ആയി.നിലവിൽ പ്രതിദിന പോസ്റ്റിവിറ്റി നിരക്ക് 2.26 ശതമാനവും പ്രതിവാര പോസ്റ്റിവിറ്റി നിരക്ക് 1.50 ശതമാനവും ആണ്.
24 മണിക്കൂറിനിടെ 3,35, 050 പരിശോധനകളാണ് നടത്തിയത്. കേരളം ,മഹാരാഷ്‌ട്ര,ഡൽഹി ,കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് കൊറോണ വ്യാപനം രൂക്ഷം. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സംസ്ഥാനങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രം നിർദ്ദേശം നൽകി.
ഇന്ത്യയിൽ ജൂൺ 22നു നാലാം തരംഗം തുടങ്ങുമെന്നാണ് ഐഐടി കാൺപൂർ പ്രവചിച്ചത്.
തുടർച്ചയായ രണ്ട് ദിവസമായി ഇന്ത്യയിൽ കൊറോണ കേസുകളുടെ എണ്ണത്തിൽ 40 ശതമാനം വർധനവുണ്ടായി. പലരാജ്യങ്ങളും നിർദ്ദേശങ്ങൾ തള്ളികൊണ്ട് വൈറസിനൊപ്പം ജീവിക്കാൻ ശ്രമിക്കുകയാണ്. അതേസമയം മഹാമാരി അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. സമ്പന്ന രാജ്യങ്ങളിൽ വൻതോതിലുള്ള വൈറസ് പ്രതിരോധ കുത്തിവയ്പ്പ് പരിപാടികൾ ആരംഭിച്ചിരുന്നു. എന്നാൽ 68 രാജ്യങ്ങൾക്ക് അവരുടെ ജനസംഖ്യയുടെ 40 ശതമാനത്തെ ഇതുവരെ വൈറസ് ബാധയിൽ നിന്ന് സംരക്ഷിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി
കൊറോണ കേസുകളുടെ വർദ്ധനവ് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി കഴിഞ്ഞ ദിവസം കത്തയിച്ചിരുന്നു. സംസ്ഥാനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.മഹാരാഷ്‌ട്ര, കേരളം, ഡൽഹി, കർണാടക എന്നീവിടങ്ങളിൽ കർശനമായ ജാഗ്രത പാലിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും വേണം.
ഇതുവരെ, ആശുപത്രിവാസവും മരണനിരക്കും വർദ്ധിക്കുന്നതിന്റെ സൂചനകളില്ല. എന്നിരുന്നാലും, സൂക്ഷ്മ നിരീക്ഷണം നിലനിർത്തണം. കേസുകൾ തിരിച്ചറിയുന്നതനുസരിച്ച് ഉയർന്ന തലത്തിലുള്ള പരിശോധന ഉറപ്പാണം. പുതിയ കേസുകളുടെ ക്ലസ്റ്ററുകൾ നിരീക്ഷിക്കണം. അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കത്തിൽ പരാമർശിച്ചിരുന്നു.