Spread the love
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ വികസിത ഇന്ത്യയ്ക്കായി അഞ്ച് പ്രതിജ്ഞകൾ മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 25 വർഷം രാജ്യത്തിന് അതിനിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് കാര്യങ്ങളിൽ എല്ലാവരും ശ്രദ്ധ ഊന്നണം. പഞ്ച് പ്രാൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. ഒന്ന് വികസിത ഭാരതം, രണ്ട് അടിമത്ത മനോഭാവം അവസാനിപ്പിക്കൽ, മൂന്ന് പൈതൃകത്തിൽ അഭിമാനിക്കുക, നാല് ഏകത, അഞ്ച് പൗരധർമ്മം പാലിക്കൽ എന്നിവയാണ് അഞ്ച് പ്രതിജ്ഞകൾ. അടുത്ത 25 വർഷം രാജ്യത്തിന്റെ വികസനത്തിനായി സമർപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചെങ്കോട്ടയിൽ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ഭാഷയിലേയും പ്രവൃത്തിയിലേയും സ്ത്രീ വിരുദ്ധത ഒഴിവാക്കണം. സമൂഹിക അച്ചടക്കം വികസനത്തിലും അനിവാര്യമാണെന്നും മോദി പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ശക്തി ഇന്ത്യക്കുണ്ട്. താൻ ശ്രമിച്ചത് ശാക്തീകരണത്തിനാണ്. രാജ്യം ഇപ്പോൾ പുത്തനുണർവിൽ ആണ്. സ്വാതന്ത്ര്യ സമരം വിജയിപ്പിച്ചത് ഇത്തരം ചേതനയാണ്. ദേശീയ പതാക ക്യാമ്പയിനും കൊവിഡ് പോരാട്ടവും പുതിയ ഉണർവിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു . എല്ലാത്തിനും ഉപരി ഇന്ത്യയെന്ന വികാരമാണ് വേണ്ടത്. ഇത് ഐക്യ ഇന്ത്യയിലേക്ക് നമ്മളെ നയിക്കും. ഇതിന് പൂർവികർ നൽകിയ പൈതൃകമുണ്ട്.

വെല്ലുവിളികൾക്കിടയിലും ഇന്ത്യ മുന്നേറി. ലോകം ഇന്ത്യയെ സമീപിക്കുന്ന രീതി മാറി. പല പ്രശ്നങ്ങൾക്കും ലോകം പരിഹാരം കാണുന്നത് ഇന്ത്യയിൽ നിന്നാണ്. രാഷ്ട്രീയ സ്ഥിരതയുടെ കാഴ്ച ഇന്ത്യ കാട്ടി കൊടുത്തു. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി. ഇതിൽ അഭിമാനിക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. നമ്മുടെ രാജ്യത്തെ എല്ലാ ഭാഷയിലും അഭിമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 5ജിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചു. ഡിജിറ്റൽ ഇന്ത്യ എല്ലാ ഗ്രാമങ്ങളിലും എത്തും. പുനരുപയോഗ ഊർജം മുതൽ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതുവരെ എല്ലാ മേഖലകളിലും ഇന്ത്യ മെച്ചപ്പെട്ടു. കുട്ടികൾ വിദേശ നിർമ്മിത കളിപ്പാട്ടങ്ങൾ നിരസിച്ചു. ആത്മനിർഭർ ഭാരതത്തിന്റെ ആവേശം അവരുടെ സിരകളിലൂടെ ഒഴുകുന്നുവെന്ന് ഇത് കാണിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply