
പൊതുവിപണിയിലൈ അരി വില നിയന്ത്രിക്കാന്‍ എ.പി.എല്‍ കാര്‍ഡിന് (വെള്ള, നീല) കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ എട്ട് കിലോ അരി വീതം ഈയാഴ്ച വിതരണം തുടങ്ങും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. അരിവിതരണം സംബന്ധിച്ച പ്രഖ്യാപനം വരും മുൻപേ സിവില്‍ സപ്ലൈസ് വകുപ്പ് നവംബറിലെ റേഷന്‍ വിഹിതം തീരുമാനിച്ചു. അതിനാല്‍ ഇ-പോസ് മെഷീനില്‍ സ്പെഷല്‍ അരി വിതരണം ഉള്‍പ്പെടാതെ പോയതിനാല്‍ വിതരണം തുടങ്ങിയിരുന്നില്ല. അരിവില നിയന്ത്രിക്കാനായി മാവേലി സ്റ്റോര്‍ ഇല്ലാത്ത മേഖലകള്‍ക്കായി അരിവണ്ടി സഞ്ചരിച്ച് കഴിഞ്ഞ ദിവസം വരെ 39694 കിലോ അരി വിതരണം നടത്തി. അരി പൂഴ്ത്തിവെപ്പ് തടയാന്‍ 642 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 82 സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തുകയും ചെയ്തു. എഫ്.സി.ഐ ഗോഡൗണില്‍നിന്ന് 50 ശതമാനം വീതം പച്ചരിയും കുത്തരിയുമാണ് കഴിഞ്ഞ മാസം വരെ റേഷന്‍കട വഴി വിതരണം ചെയ്യാന്‍ നല്‍കിയത്. നിലവില്‍ എഫ്.സി.ഐ ഗോഡൗണിലെ സ്റ്റോക്കില്‍ 75 ശതമാനം പച്ചരിയാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നയം മൂലം പുഴുക്കലരിക്ക് വിലകൂടാന്‍ ഇടയാക്കുമെന്ന് മന്ത്രി പറഞ്ഞു.