മേട്ടുപ്പാളയം : ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഘത്തെ പിടികൂടി. മേട്ടുപ്പാളയം ഫോറസ്റ്റ് റേഞ്ചിലെ ഊട്ടി റോഡിൽ കാറിൽ വിൽപന നടത്തുന്നതിനിടയിലാണ് വനംവകുപ്പിന്റെ സ്പെഷൽ സെൽ അധികൃതർ ഇവരെ പിടികൂടിയത്. കീഴ്കോത്തഗിരി എം.പ്രതീഷ്, സോലൂർ മട്ടം സ്വദേശികളായ ഗുണശേഖരൻ, രാജ്കുമാർ, മനോജ്, അരക്കോട് നഞ്ചുണ്ടൻ, കോത്തഗിരി കന്നേരി മുക്ക് സുബ്രഹ്മണി, സിരുമുഖ ചിന്നപ്പാണ്ടി, ഭവാനി സാഗർ മണികണ്ഠൻ എന്നിവരെയാണ് പിടികൂടിയത്. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ബ്ലാക്ക് തണ്ടറിന് സമീപം പ്രതീഷ്, ചിന്ന പാണ്ടി എന്നിവർ സുബ്രഹ്മണിക്ക് 2 കൊമ്പുകൾ കാണിച്ചത്.
ഇവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ഗുണശേഖരന്റെ പങ്ക് പുറത്തുവന്നത്. ആനക്കൊമ്പ് വാങ്ങാൻ എത്തിയ സുബ്രഹ്മണ്യത്തോട് വിലപേശുന്നതിനിടെയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്തത്. നഞ്ചുണ്ടൻ, രാജകുമാർ എന്നിവരാണ് കൊമ്പ് നൽകിയതെന്ന് ഇവരറിയിച്ചു. നഞ്ചുണ്ടനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തായ വിളാമുണ്ടി വനഭാഗത്തു വനം വകുപ്പിൽ വേട്ട തടുക്കാനായി നിയമിക്കപ്പെട്ട മണികണ്ഠൻ നൽകിയതാണെന്ന് അറിയിച്ചത്. 2017ൽ റോന്തിനിടെ താമ്പുക്കര പള്ളത്തിൽ നിന്നു ലഭിച്ച ചെറിയ കഷണം ആനക്കൊമ്പ് ആണെന്ന് പറഞ്ഞു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് വലുപ്പം കൂടിയ ആനക്കൊമ്പ് വ്യാജമാണെന്ന് മനസ്സിലായത്. മണികണ്ഠൻ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ് പുറത്തു കാണിച്ചതാണ് ഇത്രയും പേർ അകത്താകാൻ കാരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മേട്ടുപ്പാളയം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.