
കൊച്ചി∙ ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടുവയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിയുടെ ദൃശ്യം പുറത്ത്. ഇയാൾ പ്രദേശവാസിയായ മലയാളിയാണെന്നാണു വിവരം.
ഇതര സംസ്ഥാന തൊഴിലാളിയാണു പ്രതിയെന്ന രീതിയിൽ ആദ്യം പ്രചാരണം നടന്നിരുന്നു. ഇതിനിടെയാണ്, പ്രതി മലയാളിയാണെന്ന വെളിപ്പെടുത്തൽ.
പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റുണ്ടാകുമെന്നും ആലുവ റൂറൽ എസ്പി വിവേക് കുമാർ വ്യക്തമാക്കി.
വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചശേഷം പാടത്ത് ഉപേക്ഷിച്ചെന്നാണു പൊലീസിന്റെ നിഗമനം.പീഡനത്തിന് ഇരയായ കുട്ടിയും ദൃക്സാക്ഷിയും പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
പ്രതിക്കായി പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്.കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികളാണു പെൺകുട്ടിയെ രക്ഷിച്ചതും പൊലീസിൽ വിവരം അറിയിച്ചതും. രക്തം വാർന്നൊലിക്കുന്ന നിലയിലായിരുന്നു പെൺകുട്ടി. തുടർന്ന് ആശുപത്രിയിലേക്കു മാറ്റി.
നിലവിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ട്. അതേസമയം, ഇത് സാരമുള്ളതല്ലെന്നാണ് ഡോക്ടർമാർ നൽകുന്ന സൂചന. കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.