Spread the love
ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80കാരന്‍ മരിച്ചു; വാഹന നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത നടപടികളുമായി കേന്ദ്രം

രാജ്യത്ത് ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ബാറ്ററികള്‍ തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്ന സംഭവത്തില്‍ നടപടിയുമായു കേന്ദ്ര ഗതാഗത മന്ത്രാലയം. ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായി മന്ത്രി വ്യക്തമാക്കി. സമിതി സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍ അനുസരിച്ച് ആവശ്യമായ നടപടികള്‍ വിഷയത്തില്‍ ഉണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു.

കമ്പനികള്‍ സുരക്ഷാ കാര്യങ്ങളില്‍ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയാല്‍ അത്തരം കമ്പനികള്‍ക്കെതിരെ പിഴയുള്‍പ്പെടെയുള്ള കനത്ത നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇത്തരം കമ്പനികള്‍ നിര്‍മ്മിച്ച മുഴുവന്‍ സ്‌കൂട്ടറുകളും തിരിച്ചുവിളിക്കാനും സര്‍ക്കാര്‍ മടികാണിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. അപകടങ്ങളില്‍ പലരുടെയും ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

തെലങ്കാനയില്‍ കഴിഞ്ഞ ദിവസം ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80കാരന്‍ മരണമടഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഗഡ്കരി വിദഗ്ദ്ധ സമിതിയെ നിയമിക്കുന്നതായി അറിയിച്ചത്. തെലങ്കാനയിലെ നിസാമബാദ് സ്വദേശിയായ രാമസ്വാമിയാണ് മരണമടഞ്ഞത്. രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകന്‍ പ്രകാശ്, മരുമകള്‍ കൃഷ്ണവേണി എന്നിവര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. രാമസ്വാമിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. രാമസ്വാമിയുടെ മകന്‍ പ്രകാശ് ഉപയോഗിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. സ്‌കൂട്ടറില്‍ നിന്ന് ഊരി വീട്ടിനുള്ളില്‍ വച്ച് ചാര്‍ജ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply