ലോസ് ഏയ്ഞ്ചൽസ്∙ അമേരിക്കൻ ആഢംബര ഡിപ്പാർട്മെന്റ് സ്റ്റോറായ നോർഡ്സ്ട്രമിന്റെ ലോസ്ഏഞ്ചൽസിലെ ഷോറൂമിൽ നിന്ന് ഒരുലക്ഷം ഡോളർ വിലമതിക്കുന്ന സാധനങ്ങൾ കവർച്ചാസംഘം മോഷ്ടിച്ചു.
മുഖംമൂടി ധരിച്ചെത്തിയ അൻപതോളം പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ അക്രമികൾ ബിയർ സ്പ്രേ പ്രയോഗിച്ചു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. ടോപാങ്ക മാളിലെ ഡിപ്പാർട്മെന്റ് സ്റ്റോറായിരുന്നു അക്രമികളുടെ ലക്ഷ്യം. വിലകൂടിയ വസ്ത്രങ്ങളും ബാഗുകളുമാണ് കവർച്ചാ സംഘം മോഷ്ടിച്ചത്. വളരെ പെട്ടെന്നായിരുന്നു ആക്രമണം ഉണ്ടായതെന്നും കവർച്ചാ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സ്ഥലത്തെത്തിയ കവര്‍ച്ചാ സംഘം പലസാധനങ്ങളും തകർക്കുകയും വിലപിടിപ്പുള്ള വസ്തുകൾ മോഷ്ടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്റ്റോറിൽ നിസ്സഹായരായി നോക്കി നിൽക്കുന്ന ജീവനക്കാരെയും കാണാം. ചിലർ ഓടി രക്ഷപ്പെടുന്നതും വിഡിയോയിൽ ഉണ്ട്. ബിഎംഡബ്ലിയു ഉൾപ്പെടെയുള്ള വിലകൂടിയ വാഹനങ്ങളുമായാണ് കവർച്ചാ സംഘം രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.