പയ്യന്നൂരിൽ വയോധികയോട് പേരക്കുട്ടിയുടെ ക്രൂരത. എൺപതിയെട്ടുകാരിയെ ക്രൂരമായി മർദിച്ച കൊച്ചുമകനെതിരെ പൊലീസ് കേസെടുത്തു. കണ്ടങ്കാളിയിലെ കർത്യായനിക്കാണ് മെയ് 11ന് വീട്ടിൽ മർദനമേറ്റത്.
കൊച്ചുമകൻ റിജു വയോധികയെ ചവിട്ടിവീഴ്ത്തിയെന്നും തല ചുമരിൽ ഇടിപ്പിച്ചെന്നും ഹോം നഴ്‌സാണ് പരാതി നൽകിയത്. തലക്കും കൈക്കും പരിക്കേറ്റ കാർത്യായനി പരിയാരം ഗവ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കൂടെ താമസിക്കുന്നതിന്‍റെ വിരോധത്തിൽ ആക്രമിച്ചു എന്നാണ് കേസ്. മദ്യപിച്ചെത്തിയാണ് റിജു അമ്മൂമ്മയെ തല്ലിയതെന്ന് മറ്റൊരു കൊച്ചുമകൻ രാഹുൽ പറഞ്ഞു. കുളിമുറിയിൽ വീണതാണെന്നാണ് ആദ്യം പറഞ്ഞത്. ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് മർദനമേറ്റ പാടുകൾ കണ്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. കൊച്ചുമകനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.