ഭൂമിയിൽ മനുഷ്യർക്ക് ഇനിയും അറിയാത്ത 9,200 വൃക്ഷയിനങ്ങളുണ്ട്. ഗ്ലോബൽ അർബോറിയൽ ഡൈവേഴ്സിറ്റി സെൻസസ് ആണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. ഇറ്റലിയിലെ ബൊലോഗ്ന സർവകലാശാലയിലെ ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിന്റെയും അസോസിയേറ്റ് പ്രൊഫസറായ റോബർട്ടോ കാസോള ഗാട്ടി പറഞ്ഞു, “2022 -ൽ, മാത്രം 9,000 ഇനം വൃക്ഷങ്ങൾ കണ്ടെത്തി. അപ്പോൾ തന്നെ നമുക്ക് അറിയാത്ത എത്ര ഇനങ്ങളുണ്ടാകുമെന്ന് സങ്കല്പിക്കാവുന്നതല്ലേയുള്ളൂ” അദ്ദേഹം പറയുന്നു. “നമ്മൾ ഈ പ്രദേശങ്ങളെയും ഈ വനങ്ങളെയും വളരെ വേഗത്തിൽ നശിപ്പിക്കുകയാണ്. അവ കണ്ടെത്തുന്നതിന് മുമ്പ് തന്നെ നശിപ്പിക്കപ്പെടുന്നു” ഗാട്ടി പറഞ്ഞു. “വനത്തെ ഈ രീതിയിൽ നശിപ്പിക്കുകയാണെങ്കിൽ, ആവാസവ്യവസ്ഥയെ സജീവമായി നിലനിർത്തുന്ന ജൈവവൈവിധ്യം ഇല്ലാതാകും” ഗാട്ടി വിശദീകരിച്ചു. “അപൂർവ ജീവിവർഗങ്ങൾ ഇല്ലാതായാൽ വളരെ അനാരോഗ്യകരമായ ഒരു ആവാസവ്യവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് കാടിനെ നശിപ്പിക്കും. അത് കാലാവസ്ഥാ വ്യതിയാനം പോലുള്ള കാര്യങ്ങൾക്ക് കാരണമാകും” അദ്ദേഹം കൂട്ടിച്ചേർത്തു.
അജ്ഞാത ഇനങ്ങളെ തിരിച്ചറിയുക മാത്രമല്ല അവയുടെ സംരക്ഷണം കൂടിയാണ് പഠനം ലക്ഷ്യമിടുന്നത്. പ്രാദേശിക വനങ്ങളിൽ ഏകദേശം 10,000 ഫീൽഡ് പഠനങ്ങൾ നടത്തിയും, കണ്ടെത്തിയ 40 ദശലക്ഷം മരങ്ങളുടെ ആഗോള ഡാറ്റ ഒരുമിച്ച് ചേർത്തുമാണ് ഗാട്ടിയും സഹപ്രവർത്തകരും പുതിയ കണക്കുകൾ തയ്യാറാക്കിയത്.