കോന്നി∙ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. വെള്ളപ്പാറ സ്വദേശി ജയപ്രസാദാണ് (52) മരിച്ചത്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്നാണ് അറിയുന്നത്. ഒരു മാസത്തോളമായി ജയപ്രസാദിനെ കാണാനില്ലെന്നു പറഞ്ഞു ഭാര്യ കോന്നി പൊലീസിൽ പരാതി കൊടുത്തിരുന്നു.
അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ജയപ്രസാദും ഭാര്യയും കുറച്ചു നാളായി അകന്നാണ് ജീവിച്ചിരുന്നത്. ഇതിനിടെ, ജയപ്രസാദ് താമസിച്ചിരുന്ന വീട്ടിൽ ഭാര്യ എത്തിയപ്പോഴാണ് അകത്തുനിന്ന് ദുർഗന്ധം വമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവർ ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവരെ അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി വീടു തുറന്നു നോക്കിയപ്പോഴാണ് ജയപ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
അസുഖബാധിതനായ ജയപ്രസാദ് ഒരു മാസം മുൻപ് ചികിത്സ തേടി ആശുപത്രിയിൽ എത്തിയിരുന്നു. അന്നു കൂടെ നിൽക്കാൻ ആളു വേണമെന്ന് അറിയിച്ചതിനെ തുടർന്ന് ഭാര്യയെ വിളിച്ചിരുന്നു. അതിനു ശേഷമാണ് ജയപ്രസാദിനെ കാണാതായത്. യാതൊരു വിവരവും ലഭിക്കാതായതോടെയാണു പൊലീസിൽ അറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മാത്രമേ മരണ കാരണം കണ്ടെത്താനാകൂ എന്നാണ് പൊലീസ് പറയുന്നത്.