എടത്വ∙ പാട്ടക്കൃഷി കർഷകൻ ഇടത്തോട്ടിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു. തലവടി 10-ാം വാർഡ് മണലേൽ എൽപി സ്കൂളിനു അടുത്ത് മാമൂട്ടിൽ വിജയപ്പൻ (56) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നതെന്നാണ് സംശയം.
വിജയപ്പൻ തലവടി പുതുപ്പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. 12 മണിയോടെ തിരികെ വീട്ടിലേക്ക് സൈക്കിളിൽ വരുന്നതിനിടെ റോഡിലെ ഹംപിൽ തട്ടി സൈക്കിൾ മറിഞ്ഞ് അടുത്തുള്ള സംരക്ഷണ ഭിത്തിയിൽ തലയിടിച്ച ശേഷം വെള്ളക്കെട്ടിൽ വീണതാകാം എന്നുമാണ് പ്രഥമിക നിഗമനം.
ഇന്നു രാവിലെ സൈക്കിൾ തോട്ടുവക്കിൽ വീണുകിടന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചേറിൽ പുതഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.