വാൽപാറ : പുലിയുടെ ആക്രമണത്തിൽ 7 വയസ്സുകാരനു പരുക്കേറ്റു . ഇന്നലെ വൈകുന്നേരം ആറര യോടെയാണ് സംഭവം. വാൽപാറയ്ക്കരുകിലുള്ള സിരുകുണ്ടറ എസ്റ്റേറ്റിന്റെ ഒന്നാം ഡിവിഷനിൽ ജോലി ചെയ്തു വരുന്ന അതിഥിത്തൊഴിലാളിയായ സഞ്ജയ്‌യുടെ മകൻ പ്രദീപ് (7 )വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നു പുലി ചാടി വീണത്.
കുട്ടിയുടെ തലയിലും കഴുത്തിലും പരുക്കേറ്റു. തൊഴിലാളികൾ ഓടിയെത്തിയപ്പോഴേക്കും പുലി പിടി വിട്ട് ഓടിയിരുന്നു. മുറിവേറ്റ കുട്ടിയെ വാൽപാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാൽപാറ റേഞ്ച് ഓഫിസർ വെങ്കടേഷ് കുട്ടിക്ക് ആവശ്യമായ ചികിത്സയ്ക്കുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.