കണ്ണൂർ: സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് മുണ്ടക്കൈയിലും ചൂരൽ മലയിലുമുണ്ടായ ഉരുൾപ്പൊട്ടലിനു ശേഷം വയനാട്ടുകാർ കടന്നു പോകുന്നത്. രക്ഷാപ്രവർത്തനങ്ങളും സന്നദ്ധ പ്രവർത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും പലപ്പോഴും നഷ്ടങ്ങൾക്ക് പകരമാവുന്നില്ല. ഉറ്റവരെ നഷ്ടപെട്ടവർക്ക് പകരം ഭക്ഷണമോ, വസ്ത്രങ്ങളോ തണലോ കൊടുത്തിട്ട് എന്ത് കാര്യം എന്ന് നിസ്സഹായരായി പോവുന്ന നിമിഷങ്ങൾ.
ഇത്തരത്തിൽ നിസ്സഹായതകൾക്കിടയിലും തളരാതെ മലയാളികൾ ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവർത്തങ്ങളിൽ തങ്ങളാൽ ആവുംവിധം പങ്കാളികൾ ആവുമ്പോൾ അപ്പോഴും ചിലർ വിദ്വേഷവും ഉള്ളിലുള്ള ദുഷിപ്പും വമിപ്പിക്കുകയാണ് . ഇതിന്റെ നേർസാക്ഷ്യമായിരുന്നു ദുരന്തത്തിൽ അമ്മമാരെ നഷ്ടപ്പെട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന് സന്നദ്ധത അറിയിച്ച ഫേസ്ബുക് പോസ്റ്റിന് കീഴിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട മോശം കമന്റ്.
‘ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ…എന്റെ ഭാര്യ റെഡിയാണ്’ എന്ന പൊതുപ്രവർത്തകന്റെ വാട്സ് ആപ് മെസേജ് ‘മാധ്യമം’ അടക്കമുള്ള പത്രങ്ങൾ വാർത്തയാക്കിയിരുന്നു. ഇതുസംബന്ധിച്ച കാർഡ് പങ്കുവെച്ചതിന് കീഴിലാണ് കണ്ണൂർ എടത്തൊട്ടി സ്വദേശി ഫേസ്ബുക്കിൽ മോശം കമന്റിട്ടത്. കെ.ടി. ജോർജ് എന്ന അക്കൗണ്ടിൽനിന്നായിരുന്നു കമന്റ്. കമന്റ് ശ്രദ്ധയിൽപ്പെട്ടതോടെ വ്യപാക വിമർശനം ഇയാൾക്കെതിരെ ഓൺലൈനിൽ ഉയർന്നിരുന്നു. ഇതിനിടെയാണ് ഓഫ്‌ലൈൻ ആയും നാട്ടുകാർ വളഞ്ഞിട്ട് പ്രതിഷേധം അറിയിച്ചെന്ന വാർത്ത പുറത്തുവരുന്നത്.
കണ്ണൂരിൽ ജോലി ചെയ്യുന്ന ഇയാൾ ജോലി കഴിഞ്ഞ് ഇന്നലെ നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കൾ ഇയാളെ വളഞ്ഞിട്ട് തല്ലിയത്.ജോർജിനെ കൂടാതെ ഏതാനും പേരും വാർത്തക്ക് താഴെ സമാന രീതിയിൽ അശ്ലീല കമന്റുമായി രംഗത്തെത്തിയിരുന്നു. ഇവർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ജനരോഷം ഉയരുകയാണ്. ഇത്രയും വലിയ ദുരന്തത്തിൽ കേരളം പകച്ചുനിൽക്കുമ്പോൾ, അമ്മമാരെ നഷ്ടപ്പെട്ട പൈതങ്ങൾക്ക് മാതൃസ്പർശവുമായി എത്തിയവരെ അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടി. മോശം കമന്റിട്ട മറ്റൊരു യുവാവിനെയും ആൾക്കൂട്ടം മർദിച്ചതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.