പറവൂർ (എറണാകുളം)• ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം.
കാർ പൂർണമായി കത്തിനശിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെ പറവൂർ നഗരത്തിൽ അമ്മൻകോവിൽ റോഡിലായിരുന്നു സംഭവം. ചെറായി കുറുപ്പംകടവിൽ ഗോപകുമാറിന്റെ കാറാണു കത്തി നശിച്ചത്. ഗോപകുമാർ ഉൾപ്പെടെ 4 പേർ ചെറായിയിൽ നിന്നു പറവൂരിലേക്കു പോകുകയായിരുന്നു.
പെന്റാ പ്ലാസ ഷോപ്പിങ് കോംപ്ലക്സിന് സമീപമെത്തിയപ്പോൾ കാറിൽ നിന്നു പുക ഉയർന്നതോടെ വാഹനം അമ്മൻകോവിൽ റോഡിലേക്കു കയറ്റി നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു തീപിടിത്തം. ഇതിന് സമീപത്തായി നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിലെ ബ്രേക്ക് ൈലറ്റ് ഉരുകി നശിച്ചു.അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.