കൊച്ചി : കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പത്തനംതിട്ട മാരാമൺ ചെട്ടിമുക്ക് പൂവണ്ണുനിൽക്കുന്നതിൽ ഏബ്രഹാം മാത്യുവിന്റെയും ബിജിയുടെയും മകൻ വിനയ് മാത്യുവാണ് (22) മരിച്ചത്. ഇന്നലെ രാത്രി 2.10ന് വില്ലിങ്ഡൻ ദ്വീപിലെ ഇന്ദിരാഗാന്ധി റോഡിലായിരുന്നു അപകടം.
കാറിൽ ഉണ്ടായിരുന്ന 2 കസ്റ്റംസ് ഉദ്യോഗസ്ഥരെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു. കാർ ഓടിച്ച യുപി സ്വദേശി പങ്കജ് കുമാർ (35), ഒപ്പമുണ്ടായിരുന്ന അന്തരീക്ഷ് ധാകർ (23) എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നു പരിശോധനയിൽ തെളിഞ്ഞത്തോടെയാണ് കേസ് എടുത്തതെന്ന് ഹാർബർ എസ്ഐ പറഞ്ഞു.
മട്ടാഞ്ചേരി ഹാൾട്ട് ഭാഗത്തു നിന്നു വന്ന കാർ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 30 മീറ്ററോളം അകലേയ്ക്കാണു തെറിച്ചു വീണത്. ഗുരുതരമായി പരുക്കേറ്റ വിനയ് സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്നു പൊലീസ് പറഞ്ഞു. വില്ലിങ്ഡൻ ദ്വീപിലെ ട്രൈഡന്റ് ഹോട്ടലിൽ ഫ്രണ്ട് ഓഫിസ് ജീവനക്കാരനായ വിനയ് മാത്യു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം.