സ്കൂൾ തുറന്നതോടെ കുട്ടികളെ പാട്ടിലാക്കാൻ പലതരം പലഹാര പാചക കുറിപ്പുകൾ തിരയുന്ന തിരക്കിലാണ് മിക്ക അമ്മമാരും. ഇക്കൂട്ടർക്കായിതാ അടിപൊളി പ്രോട്ടീന്‍ ലഡ്ഡു. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വീട്ടില്‍ വരുമ്പോള്‍ നാലുമണി വിഭവമായി കൊടുക്കാവുന്നതും ഊര്‍ജ്ജം പകരുന്നതുമായ നല്ലൊരു പലഹാരം കൂടിയാണിത്.
മറ്റ് ലഡുവില്‍നിന്ന് വ്യത്യസ്തമായ രുചിയായതിനാൽ കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുകയും ചെയ്യും. കൂടാതെ ഈ പ്രോട്ടീന്‍ ലഡ്ഡു ആരോഗ്യത്തിനും നല്ലതാണ്. പ്രോട്ടീന്‍ ലഡ്ഡു തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം..
ആവശ്യമുള്ള സാധനങ്ങള്‍
നിലക്കടല ചെറുതായി വറുത്ത് പൊടിച്ചത് – 100 ഗ്രാം
കശുവണ്ടിപ്പരിപ്പ് വറുത്ത് പൊടിച്ചത് – 10 ഗ്രാം
ശര്‍ക്കര പൊടിച്ചത് – 50 ഗ്രാം
ഏലയ്ക്കായ പൊടിച്ചത് – ഒരു സ്പൂണ്‍
നെയ്യ് – 2 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു പരന്ന പാത്രത്തിലേക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം എടുത്ത് നെയ്യ് ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കാം. ഉണക്കമുന്തിരി നെയ്യില്‍ വറുത്ത് ഉരുളകളുടെ മുകളില്‍ വച്ച് അലങ്കരിക്കാം.