വിജിലൻസ് പ്രോസിക്യൂട്ടർമാരുടെ താൽക്കാലിക നിയമനത്തിൽ അട്ടിമറി. സർക്കാർ നിർദേശ പ്രകാരം അഭിമുഖം നടത്തിയ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പകരം 15 പേരുടെ ചുരുക്കപ്പട്ടികയാണ് അഭിമുഖ സമിതി തയ്യാറാക്കിയത്. സർക്കാരിന് താൽപര്യമുള്ളവരെ അഴിമതി കേസുകളിൽ പ്രോസിക്യൂട്ടർമാരാക്കുന്നതിന് വേണ്ടിയാണ് ഒളിച്ചുകളിയെന്നാണ് ആക്ഷേപം.വിജിലൻസ് കോടതികളിൽ അഴിമതി കേസുകള്‍ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണ് പ്രോസിക്യൂട്ടർമാരെ താൽക്കാലികമായി നിയമിക്കാൻ സർക്കാർ തീരുമിച്ചത്. താൽക്കാലിക നിയമനം നടത്താൻ ഒരു വർഷം മുമ്പ് വിജ്ഞാപനം ഇറക്കി. അഭിമുഖം നടത്തിയ മാർക്കിനെറ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകി. അഭിമുഖ ബോർഡിലുണ്ടായിരുന്ന അഡീൽണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പങ്കെടുത്തിലെന്ന് ചൂണ്ടികാട്ടി ഈ പട്ടിക റദ്ദാക്കി. വീണ്ടും അഭിമുഖം ബോർഡിലിക്കാൻ നിയമ സെക്രട്ടറി വിയോജിപ്പ് അറിയിച്ചു. എന്നാൽ അഭിമുഖം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു. അഭിമുഖത്തിൽ അഭിഭാഷകർക്ക് ലഭിച്ച മാർക്ക് അനുസരിച്ച് ഒന്ന്, രണ്ട് മൂന്ന് എന്നിങ്ങനെ റാങ്ക് പട്ടിക തയ്യാറാക്കുന്നതിന് പകരം 65 മാർക്ക് വരെ ലഭിച്ചവരുടെ പട്ടികയാണ് സർക്കാരിന് കൈമാറിയത്. ഇതിൽ നിന്നും സർക്കാർ അഴിമതിക്കേസുകള്‍ വാദിക്കുന്നതിന് പ്രോസിക്യൂട്ടർമാരെ നിയമിക്കും. അഭിമുഖ സമിതിക്കു പകരം ചുരുക്കപ്പട്ടികയിൽ നിന്നും മികച്ച അഭിഭാഷകരെ സർക്കാർ എങ്ങനെ കണ്ടെത്തുമെന്നതാണ് ചോദ്യം.