വെള്ളായണി∙ ആർത്തലച്ച് കരയുന്നതിനിടെ ആ യുവാവ് ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക് നോക്കുമ്പോൾ വെള്ളത്തിനു മുകളിൽ രണ്ടോ മൂന്നോ കൈകൾ മാത്രം കാണാമായിരുന്നു. സ്വന്തം വള്ളവും എടുത്ത് അപകടം നടന്ന ഭാഗത്തേക്ക് പോകാൻ ഒരുങ്ങുമ്പോൾ നാട്ടുകാരായ കൂടുതൽ പേർ എത്തി. ഫയർഫോഴ്സ് സംഘവും. ‘രക്ഷാ പ്രവർത്തനം തുടങ്ങുമ്പോഴേക്കും വെള്ളത്തിനു മുകളിൽ നേരത്തെ കണ്ട കൈകൾ ആഴങ്ങളിലേക്ക് താഴ്ന്നു പോയിരുന്നു.’ വവ്വാമൂല തുടലിവിള കടവിൽ വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ രക്ഷാ പ്രവർത്തനത്തിന് ആദ്യം എത്തിയവരിൽ ഒരാളായ വി.വി. രാകേഷ് അറിയിച്ചു . അപകടം ഉണ്ടായ കടവിന് അഭിമുഖമായാണ് രാകേഷിന്റെ വീട്.
വെള്ളായണി കായലിൽ 3 കോളജ് വിദ്യാർഥികൾ മുങ്ങി മരിച്ചു
വെള്ളായണി∙ വെള്ളായണി കായലിലെ വവ്വാമ്മൂല തുടലിവിള കടവിൽ കുളിക്കുന്നതിനിടെ 3 ബിബിഎ വിദ്യാർഥികൾ കയത്തിൽ അകപ്പെട്ട് മുങ്ങി മരിച്ചു. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി ക്രൈസ്റ്റ് കോളജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥികളായ എൽ. ലിബിനോ (20), എസ്. മുകുന്ദനുണ്ണി (20), ഫെർഡിനാന്റ് ഫ്രാൻസിസ് (19) എന്നിവരാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന സഹപാഠി എസ്.സി. സൂരജ് കായലിൽ ഇറങ്ങിയില്ല. രണ്ടു ബൈക്കുകളിലായി ഉച്ചയ്ക്ക് രണ്ടരയോടെ തുടലിവിള കടവിനു അടുത്തത്തിയ സംഘം ആദ്യം തീരത്തു വിശ്രമിച്ചു.
തുടർന്ന് കുളിക്കാനായി കായലിലിറങ്ങി. ഇവിടെ നിന്ന് കായലിലൂടെ മുന്നോട്ടു നടക്കുന്നതിനിടെയാണ് മൂവരും കയത്തിൽ അകപ്പെട്ടതെന്നു പൊലീസ് അറിയിച്ചു. മുങ്ങിത്താഴുന്ന കൂട്ടുകാരെ കണ്ട് കരയിൽ നിന്ന് സൂരജ് ബഹളം വച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫെർഡിനാന്റിനെ വെട്ടുകാട് മാദ്രെ ദേവൂസ് പളളിയിലും ലിബിനോയെ വിഴിഞ്ഞം സിന്ധുയാത്ര മാതാ പളളിയിലും മുകുന്ദൻ ഉണ്ണിയെ പുത്തൻകോട്ട ശ്മശാനത്തിലും സംസ്‌കരിച്ചു. വിഴിഞ്ഞം മുക്കോല കടയ്ക്കുളം വാറുതട്ടുവിള വീട്ടിൽ ലാസറിന്റേയും സ്‌റ്റെല്ലയുടെയും മകനാണ് ലിബിനോ.
സഹോദരങ്ങൾ: ലിബ്‌ന, ലിബ്‌നി. മണക്കാട് കുര്യാത്തി എൻഎസ്എസ് കരയോഗ മന്ദിരത്തിന് അടുത്ത് ടിസി 41/1079, കവിതാ നിവാസിൽ സുരേഷ് കുമാറിന്റെയും കവിതാ റാണിയുടേയും മകനാണ് മുകുന്ദനുണ്ണി. കൃഷ്ണൻ ഉണ്ണി, മാധവൻ ഉണ്ണി എന്നിവരാണ് സഹോദരങ്ങൾ. വെട്ടുകാട് തൈവിളാകം ടിസി 33/396 ൽ ഫ്രാൻസിസിന്റെയും മേരി സുമയുടെയും മകനാണ് ഫെർഡിനാന്റ്. ഫെറിലാസ്, ഫ്രഡോളിൻ എന്നിവരാണ് സഹോദരങ്ങൾ. മുകുന്ദനുണ്ണി പുതിയ ബൈക്ക് വാങ്ങിയതിന്റെ സന്തോഷത്തിനാണ് നാലംഗ സംഘം അവധിദിനത്തിൽ വെള്ളായണിയിലെത്തിയത്.