സിനിമ മേഖലയിലെ ഏറ്റവും കുഴപ്പം പിടിച്ച പണികളിൽ ഒന്ന് ചിത്രസംയോജനം അഥവാ എഡിറ്റിംഗ് ആണെന്ന് തന്നെ പറയാം. ഒരേസമയം സാങ്കേതികവും സർഗാത്മകവുമായിട്ടുള്ള ഒരു പ്രക്രിയ ആണിത്. ഡയറക്ടർ പ്രതീക്ഷയോടെ എടുത്തുവെച്ചതും ഒരുപക്ഷെ അഭിനേതാക്കൾക്ക് ഏറെ പ്രിയപ്പെട്ടതുമായ ചില സ്സീനുകൾ ഒരു എഡിറ്റർക്ക് നിർദയം എടുത്തുമാറ്റേണ്ടി വരും. മറ്റുചിലപ്പോഴാകട്ടെ പലതും നിർബന്ധപൂർവം കൂട്ടിച്ചേർക്കേണ്ടിയും വരും. സിനിമയുടെ ഒഴുക്കിനും ഇതിവൃത്തത്തോട് ചേർത്ത് നിർത്താനുമായി പല സാങ്കേതിക വിഷയങ്ങളിലും അഭിനേതാവുമായും ഡയറക്ടറുമായും നിർമാതാവു മുതൽ മറ്റു സാങ്കേതിക പ്രവർത്തരുമായി വരെ പല പല യുദ്ധം ചെയ്യേണ്ടിയും വരും.
ഇത്തരത്തിൽ എവർഗ്രീൻ കോമഡി ചിത്രം പറക്കും തളികയുടെ സമയത്ത് താനും നടൻ ദിലീപുമായുണ്ടായ മുട്ടൻ വഴക്കിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ എഡിറ്റിംഗ് നിർവ്വഹിച്ച രഞ്ജൻ എബ്രഹാം.
പറക്കും തളികയുടെ ഫസ്റ്റ് ഹാഫിൽ നിന്ന് പത്തിരുപത് മിനിട്ടോളം തനിക്ക് കുറയ്‌ക്കേണ്ടി വന്നെന്നും ഇതേതുടർന്ന് ദിലീപുമായും അന്ന് അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ജോണി ആന്റണിയുമായും വലിയ വഴക്ക് ഉണ്ടായെന്നും അദ്ദേഹം പറയുന്നു. ദിലീപും താനും തമ്മിൽ ഒരു ദിവസം 9 മണി മുതൽ 12 വരെ ഗുസ്തിയായിരുന്നുവെന്നും മറ്റൊരു ഘട്ടത്തിൽ ക്ഷുഭിതനായ ജോണി ആന്റണി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ അവസ്ഥവരെ ഉണ്ടായിട്ടുണ്ടെന്നും രഞ്ജൻ എബ്രഹാം പറയുന്നു. എന്നാൽ ഡയറക്ടർ തനിക്ക് സപ്പോർട്ട് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും പടം 100 ദിവസം ഓടിയെന്നും ഇതിനു ശേഷവും മദ്രാസ്സിൽ വെച്ച് കണ്ടപ്പോൾ ദിലീപ് ഇതേക്കുറിച്ച് പറയുമായിരുന്നെന്നും രഞ്ജൻ പറയുന്നു.