കണ്ണൂർ : ഉളിക്കൽ ടൗണിൽ ഇന്നലെ ഇറങ്ങിയ കാട്ടാന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ള്ളിക്കൽ ബസ് സ്റ്റാൻഡിന് സമീപം ആർത്രശേരി ജോസ് (63) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴൂരിലുള്ള വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.
ആനയുടെ ചവിട്ടേറ്റുള്ള മരണമാണെന്നാണ് സംശയം. കഴുത്തിനും കാലിനും മുറിവുകളുണ്ട്. പോസ്റ്റമോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. ആന ഓടിയ സമയത്താണ് ഇദ്ദേഹത്തെ കാണാതായതെന്നാണു വിവരം. ആന ഓടിയ സമയത്ത് അവിടെ ആനയെ കാണാനായി എത്തിയതാകാം ഇദ്ദേഹമെന്നാണ് സംശയിക്കുന്നത്.
ഇന്നലെ പുലർച്ചയോടെയാണ് കർണാടക വനമേഖലയിൽനിന്നുള്ള കാട്ടാന ഉളിക്കൽ ടൗണിൽ ഇറങ്ങിയത്. ടൗണും പരിസരവും അഞ്ചു മണിക്കൂറോളം ഭീതിയിലാഴ്ത്തി. കർണാടക വനത്തിൽനിന്ന് കേരളത്തിലെ 3 ടൗണുകൾ കടന്ന്, 14.5 കിലോമീറ്ററോളം ജനവാസ കേന്ദ്രത്തിലൂടെ സഞ്ചരിച്ചാണ് ഒറ്റയാൻ ഉളിക്കലിൽ എത്തിയത്. ആനയെക്കണ്ട് ഭയന്നോടിയ മൂന്നുപേർക്കു പരുക്കേറ്റിരുന്നു. കാട്ടാന ടൗണിൽ തമ്പടിച്ചതോടെ മുഴുവൻ സ്ഥാപനങ്ങളും അടച്ചിട്ടു. പരിസരത്തെ സ്കൂളുകൾക്കും അവധി നൽകി. കൂടുതൽ ആളുകൾ എത്താതിരിക്കാൻ മൂന്നു കിലോമീറ്റർ ചുറ്റളവിൽ റോഡുകൾ അടച്ച് ഗതാഗതം നിയന്ത്രിച്ചു.