ആലപ്പുഴ : ഭിന്നശേഷിക്കാരനായ ലോട്ടറി വിൽപ്പനക്കാരനെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൊണ്ടൻകുളങ്ങര സ്വദേശിയെ ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ തെക്കേ കൽപ്പടവുകളിൽ പൊതു ജനങ്ങൾക്ക് കുളിക്കാൻ അനുവദിച്ചിട്ടുള്ള ഭാഗത്ത് ഇയാൾ കുളിക്കുന്നതിന് എണ്ണ തേച്ച് നിൽക്കുന്നത് രാവിലെ എഴിനോട് ക്ഷേത്രത്തിലേക്ക് പോയ ആളുകൾ കണ്ടതായി പറയുന്നു.
തോണ്ടൻകുളങ്ങരയിൽ നിന്നും ഓട്ടോറിക്ഷയിൽ പതിവായി ക്ഷേത്രത്തിൽ കുളിക്കുന്നതിനും ക്ഷേത്രദർശനം നടത്തുന്നതിനും വരാറുള്ളതാണ്. ഇന്നലെ രാവിലെയും പതിവുപോലെ വന്നതായിരുന്നു . കാലിന്റെ സ്വാധീനക്കുറവിൽ കൽപ്പടവിൽനിന്ന് കുളത്തിലേക്ക് വീണതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. മണ്ണെടുത്ത് ആഴം കൂട്ടിയ കുളത്തിൽ നിറയെ വെള്ളവും ഉണ്ടായിരുന്നു. ഇയാൾ കുളിക്കാൻ ഇറങ്ങിയ സമയത്ത് സമീപത്തും മറ്റാരും ഉണ്ടായിരുന്നില്ല. പിന്നീട് വന്നവരാണ് മൃതദേഹം കണ്ടത്.