ന്യൂഡൽഹി∙ ഒന്നര വർഷം ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങൾക്കൊടുവിലാണു ഖത്തറിലെ ജയിലില്‍ മരണത്തെ മുഖാമുഖം കണ്ട എട്ടു നാവികർക്കു മോചനം ലഭിച്ചത്. ഖത്തറുമായി നടത്തിവന്നിരുന്ന നയതന്ത്ര ഇടപെടലുകളെ തുടർന്നു കഴിഞ്ഞ ഡിസംബർ 28നു നാവികരുടെ വധശിക്ഷ തടവുശിക്ഷയായി കുറച്ചിരുന്നു. നാവികരുടെ മോചനത്തിനു പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചതിനൊപ്പം തുറുപ്പുച്ചീട്ടാക്കിയതു ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ. കഴിഞ്ഞ ഒരുവർഷത്തിനിടെ പലതവണ ഡോവൽ ഖത്തർ സന്ദർശിച്ചതായാണു അറിഞ്ഞത്. ഖത്തർ അധികാരികളുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ നിലപാട് വ്യക്തമാക്കിയത് അജിത് ഡോവലാണ്. മോദി വഴി അജിത് ഡോവൽ നടത്തിയ ഇടപെടലുകൾ ഇന്ത്യൻ നീക്കങ്ങൾ വേഗത്തിലാക്കിയെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
2022 ഓഗസ്റ്റ് 30നു ഖത്തറിലെ അൽ ദഹ്റ കമ്പനിയിൽ ഉദ്യോഗസ്ഥരായിരുന്ന എട്ട് ഇന്ത്യക്കാരെ ഖത്തറിലെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സെക്യൂരിറ്റി ബ്യൂറോയാണ് അറസ്റ്റു ചെയ്തത്. ഇസ്രായേലിന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. ഇവർക്കെതിരെ രാജ്യദ്രോഹ കുറ്റവും ചുമത്തി. ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകാല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികനും മലയാളിയുമായ രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ഖത്തർ ഇന്റലിജൻസ് ഏജൻസി കസ്റ്റഡിയിലെടുത്തത്.
കേസിൽ നാവിക സേനാംഗങ്ങൾ പലതവണ ജാമ്യാപേക്ഷ നൽകിയെങ്കിലും ഖത്തർ അധികൃതർ അതു തള്ളി. നാവിക സേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും ചേർത്തു പിടിക്കുന്ന സമീപനമാണ് തുടക്കം മുതൽ ഇന്ത്യ അംഗീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകൾ വിഷയത്തിൽ നിർണായകമായി. ദുബായ് ഉച്ചകോടിയ്ക്കിടെ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച കേസിൽ വഴിത്തിരിവായെന്നു വിലയിരുത്തുന്നവരുമുണ്ട്. ഖത്തറിലെ ഇന്ത്യൻ ജനതയെ ബാധിക്കുന്ന വിഷയങ്ങളെല്ലാം സംസാരവിഷയമായെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മോദി അറിയിച്ചിരുന്നു. നാവികരെ മോചിപ്പിച്ചതിനു പിന്നാലെയുള്ള കേന്ദ്രസർക്കാരിന്റെ ആദ്യപ്രതികരണത്തിൽ ഖത്തർ അമീറിന് നന്ദിയും അറിയിച്ചിട്ടുണ്ട്.
ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതർ, തടവിലാക്കപ്പെട്ട നാവികരുമായി 2022 ഒക്ടോബർ മുതൽ സംസാരിച്ചിരുന്നു. നാവിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ കൃത്യമായ ഇടവേളകളിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരുടെ മോചനത്തിനു സര്‍ക്കാര്‍ ഏറ്റവും വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നു ജയശങ്കർ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. നാവികർക്ക് വധശിക്ഷ ലഭിച്ച കോടതിയ്ക്കു മുകളിൽ രണ്ടു കോടതികൾ കൂടിയുണ്ടായിരുന്നതും പിടിവള്ളിയായി. നിയമ വിദഗ്‍ധരുമായി നിരന്തരം ചർച്ച നടത്തി മേൽ കോടതിയിൽ അപ്പീല്‍ നൽകാനുള്ള നടപടികൾ ഇന്ത്യ സ്വീകരിച്ചു. അതേസമയം, രഹസ്യ സ്വഭാവമുള്ള നടപടിക്രമങ്ങളായതിനാൽ വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിദേശകാര്യമന്ത്രാലയം പലപ്പോഴും വ്യക്തമായി അറിയിച്ചിരുന്നില്ല.