എല്ലാ സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മലയാള സിനിമയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’. ‘ലൂസിഫർ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾ പുറത്തുവരുമ്പോഴും ആരാധകർക്കിടയിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ എമ്പുരാനെക്കുറിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
‘എമ്പുരാനില്‍ എന്റെ ഭാഗത്തിന്റെ ഡബ്ബിങ് ഞാന്‍ കഴിഞ്ഞ ദിവസം ചെയ്തിരുന്നു. ജംഗിള്‍ പൊളിയാണ് ചെക്കന്‍ അതില്‍ ചെയ്തിരിക്കുന്നത്. സസ്‌പെന്‍സ് ഒന്നും ഞാന്‍ നശിപ്പിക്കുന്നില്ല. പക്ഷേ കണ്ടിട്ട് പൃഥ്വി അതില്‍ ജംഗിള്‍ പൊളിയാണ്. എന്റെ ഭാഗങ്ങളും പിന്നെ അവിടെയും ഇവിടെയുമൊക്കെ ഞാന്‍ കണ്ടു. അതൊന്നും ഒരു രക്ഷയുമില്ല,’ എന്നും സുരാജ് പറയുന്നു.
‘പൃഥ്വിരാജ് എന്ന സംവിധായകൻ ഒരു ഒരു മനുഷ്യന്‍ ഒന്നും അല്ല, ഒരു റോബോട്ട് ആണ്. എന്തൊക്കെ കാര്യങ്ങളാണ് പെര്‍ഫെക്ടായി ചെയ്യുന്നത്. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ട്. എല്ലാ സംവിധായകര്‍ക്കും അതുണ്ട്. പക്ഷേ ഇത് നമ്മള്‍ തന്നെ ഞെട്ടിപ്പോകും. ഓരോ സംവിധായകരുടെ രീതിയാണല്ലോ വരുന്നു, ഈ ലൊക്കേഷന്‍ ഒക്കെ കാണുന്നു, പിന്നെ ബാക്കിയെല്ലാം ചെയ്യുന്നു. എന്നാല്‍ പൃഥ്വി വന്ന ഉടനെ ടക് ടക് എന്ന് പറയുന്ന പോലെ ഷോട്ട് എടുക്കും. എഡിറ്റ് ചെയ്താണ് ഓരോ സീനും എടുത്ത് പോകുന്നത്. അനാവശ്യമായി ഒരു ഷോട്ട് എടുക്കുകയോ ഒന്നും ചെയ്യില്ല,’ എന്നും സുരാജ് പറഞ്ഞു.