Spread the love

എഴുപത്തിയൊന്നാം ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളികളെ ചൊടിപ്പിച്ച സംഭവമായിരുന്നു കേരള സമൂഹത്തെയും മലയാളികളെയും രാജ്യത്തിനും ലോകത്തിനും മുൻപിൽ മോശമായി ചിത്രീകരിച്ച ‘ദി കേരളാസ്‌റ്റോറി’ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം നൽകിയതും മലയാളികൾ വലിയ പ്രതീക്ഷയർപ്പിച്ച പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന് യാതൊരു അംഗീകാരവും നൽകാത്തതും. ഇന്ത്യൻ സിനിമയക്ക് തന്നെ വലിയ അഭിമാനമായ ആടുജീവിതം പോലൊരു ചിത്രത്തിൽ കാണാത്ത എന്തുകാര്യമാണ് ജൂറി കേരളാസ്‌റ്റോറിയിൽ കണ്ടുപിടിച്ചതെന്ന് അന്ന് തന്നെ ചോദ്യം ചെയ്തു മലയാളികൾ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രതികരിച്ചും ജൂറിയുടെ വിചിത്ര പ്രഖ്യാപനത്തെ വിമർശിച്ചും പൊതുജനങ്ങൾ മാത്രമല്ല മന്ത്രി വി.ശിവൻകുട്ടിയുൾപ്പെടെയുള്ളവരും പരസ്യമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ അധ്വാനവും കൂടുതൽ സമയവും അർപ്പിച്ച ആടുജീവിതം പോലൊരു ചിത്രം ചലച്ചിത്ര പ്രഖ്യാപന ജൂറി തഴഞ്ഞതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. പ്രേക്ഷകർക്ക് വേണ്ടിയാണ് തങ്ങൾ സിനിമ എടുക്കുന്നതെന്നും അല്ലാതെ ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ട് മാർക്കിടാനല്ല എന്നും പറഞ്ഞ നടൻ ആടുജീവിതത്തിനുള്ള ഏറ്റവും വലിയ അവാർഡ് പ്രേക്ഷകർ തനിക്ക് തന്നു കഴിഞ്ഞുവെന്നും പറഞ്ഞിരുന്നു.

‘സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ട് മാർക്കിടാനോ, ഏതെങ്കിലും രാജ്യാന്തര ഫെസ്റ്റിവെലുകളിൽ പ്രദർശിപ്പിക്കാനോ വേണ്ടിയല്ല. അതൊക്കെ നല്ല കാര്യങ്ങൾ തന്നെയാണ്. അതെല്ലാം കൂടുതൽ റീച്ച് ലഭിക്കാൻ സഹായകമാകും. പക്ഷെ എല്ലാത്തിനും മുകളിൽ സിനിമയെടുക്കുന്നത് പ്രേക്ഷകർക്ക് വേണ്ടിയാണ്. നിങ്ങൾ ആടുജീവിതത്തിന് എനിക്ക് ഏറ്റവും വലിയ അവാർഡ് തന്നു കഴിഞ്ഞു. അതിന് പ്രേക്ഷകർക്ക് നന്ദി. ആടുജീവിതം എനിക്ക് വളരെ സ്പെഷ്യൽ ആയ ഒരു സിനിമയാണ്’, എന്നാണ് ഷാർജയിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കവെ നടൻ വ്യക്തമാക്കിയത്.

Leave a Reply