തച്ചമ്പാറ: കല്ലംചോലയിൽ വീടിനോട് ചേര്‍ന്ന മരപ്പണി ശാലയ്ക്ക് തീപിടിച്ചു. കല്ലംചോല കുര്യന്റെ ഉടമസ്ഥതയിലുള്ള മരപ്പണിശാലയ്ക്കാണ് തീപിടിച്ചത്. ആളപായമില്ല.
ശനിയാഴ്ച രാത്രി 11.40ന് ഉണ്ടായ തീപിടിത്തം ഇന്ന് പുലർച്ചെയോടെയാണ് നിയന്ത്രണവിധേയമായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഫര്‍ണീച്ചര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ തടികള്‍ പണിശാലയിൽ ഉണ്ടായിരുന്നു.
മരപ്പണിശാലയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മണ്ണാര്‍കാട്, കോങ്ങാട് എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ അണച്ചത്.
തീ വളരെ വേഗം കത്തി പടരുകയായിരുന്നു. അടുത്തുള്ള രണ്ട് വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി.