
വൈപ്പിൻ : ബീച്ചുകൾ അടക്കം പ്രാദേശിക വിനോദ സഞ്ചാര വികസന സാധ്യതകൾ മുതലെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതിനൊപ്പം സാഹസിക വിനോദസഞ്ചാര പദ്ധതികൾ പ്രോത്സാഹിപ്പിക്കുമെന്നും 1.30 കോടി ചെലവിൽ നിർമിച്ച ജില്ലയിലെ ആദ്യത്തെ ഫ്ലോട്ടിങ് ബ്രിജ് കുഴുപ്പിള്ളി ബീച്ചിൽ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്കു ശേഷം ആഭ്യന്തര വിനോദസഞ്ചാരികളുടെ കാര്യത്തിൽ വൻവർധനയാണ് ഇക്കൊല്ലം ഉണ്ടായത്. അടുത്തവർഷം ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ. പ്രാദേശിക വിനോദസഞ്ചാര പദ്ധതിക്കുള്ള വർധിച്ച സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിന്റെ തുടക്കം എന്ന നിലയിലാണ് ബീച്ചുകളിലേക്ക് വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ ബീച്ചുകൾ ഉള്ള എല്ലാ ജില്ലകളിലും ഫ്ലോട്ടിങ് ബ്രിജുകൾ ആരംഭിക്കുന്നത്.
വിവിധ ജില്ലകളിൽ ഇത്തരം ബ്രിജുകൾ പ്രവർത്തനം ആരംഭിച്ചു. ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ വൈകാതെ തുറക്കും. പ്രാദേശിക തലത്തിൽ വിനോദ സഞ്ചാര പദ്ധതികളുമായി മുന്നോട്ടു വരുന്നവർക്ക് പ്രോത്സാഹനം നൽകും.