അതിരപ്പിള്ളി പൊകലപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ മരിച്ചു. കൊല്ലതിരുമേട് ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചര്‍ ഇരുമ്പന്‍ കുമാരനാണ് കൊല്ലപ്പെട്ടത്.പച്ചിലകുളം കരടിപ്പാറ ഭാഗത്തു വെച്ചാണ് സംഭവം. കാടിനകത്ത് വെച്ച് മോഴയാനയുടെ മുന്നില്‍ പെടുകയായിരുന്നു. വനം വകുപ്പ് സംഘം കാടിനുള്ളില്‍ പരിശോധനയ്ക്ക് പോയതായിരുന്നു.
കഴിഞ്ഞ ദിവസം തോട്ടം തൊഴിലാളിയുടെ വീടിന് നേരെ കാട്ടാന ആക്രമണമുണ്ടായി. കാലടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടം തൊഴിലാളി അഭിലാഷിന്റെ വീടാണ് ആന പൊളിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു സംഭവം.
അടുക്കളഭാഗം പൊളിച്ച് വീടിനകത്ത് കയറിയ ആന അകത്തുണ്ടായിരുന്ന സാമഗ്രികളെല്ലാം തകര്‍ത്തു. വാതിലും ജനലുകളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അകത്തുണ്ടായിരുന്ന മേശ, കസേര, അലമാര, പാത്രങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ത്ത് വലിച്ചെറിയുകയും ചെയ്തു.
ഓണമാഘോഷിക്കാന്‍ അഭിലാഷും കുടുംബവും നാട്ടിലേക്ക് പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനയെ ഓടിച്ചു വിട്ടത്.