കൊച്ചി : കളമശേരിയിൽ ‘യഹോവയുടെ സാക്ഷികൾ’ സഭാവിഭാഗത്തിന്റെ കൺവൻഷൻ വേദിയിലുണ്ടായ സ്ഫോടനങ്ങളിൽ 2 മരണം. കൊച്ചി കടവന്ത്ര എളംകുളം സ്വദേശി ഡൊമിനിക് മാർട്ടിൻ ഫെയ്സ്ബുക് ലൈവിലൂടെ ഉത്തരവാദിത്തം ഏറ്റെടുത്തശേഷം കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കളമശേരി സംറ കൺവൻഷൻ സെന്ററിൽ ഇന്നലെ രാവിലെ 9.38നാണ് മൂന്നു തവണയായി റിമോട്ട് നിയന്ത്രിത ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) സ്ഫോടനങ്ങളുണ്ടായത്.
ഏകദേശം 2500 പേർ തിങ്ങിനിറഞ്ഞ ഹാളിന്റെ മധ്യഭാഗത്തായിരുന്നു സ്ഫോടനങ്ങൾ. ചോറ്റുപാത്രത്തിലെ ബോംബിനൊപ്പം ഇന്ധനം നിറച്ച കുപ്പിയും വച്ചിരുന്നുവെന്നാണു വിവരം. പെരുമ്പാവൂർ കുറുപ്പുംപടി ഇരിങ്ങോൾ വട്ടോളിപ്പടി പരേതനായ പുളിക്കൽ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്പൻ (53) എന്നിവരാണു മരിച്ചത്. 52 പേർക്കു പരുക്കേറ്റു. മരിച്ചതു ലെയൊണയാണെന്നു രാത്രി വൈകിയാണു ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ചികിത്സയിലുള്ള 30 പേരിൽ 17 പേർ ഐസിയുവിലാണ്. 90% പൊള്ളലേറ്റ 12 വയസ്സുകാരി ഉൾപ്പെടെ 5 പേരുടെ നില ഗുരുതരം.