അരീക്കോട് : അടുക്കളയിൽനിന്നു തീ പടർന്നു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. കുനിയിൽ അൻവാർ നഗർ അക്കരപറമ്പിൽ ഹൈദർസിന്റെ വീട്ടിൽ ഇന്നലെ പുലർച്ചയ്ക്കാണ് അപകടം. അയൽവാസികൾ അറിയിച്ചതിനെ തുടർന്നാണു വീട്ടുകാർ വിവരമറിയുന്നത്. മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.
നാട്ടുകാരനായ മുക്കം ഫയർ ഓഫിസർ എം.എ.ഗഫൂർ സ്ഥലത്തെത്തി വയോധികരായ മാതാപിതാക്കളും കുട്ടികളുമടങ്ങുന്ന കുടുംബത്തെ വീടിനു പുറത്തെത്തിച്ചു. ഗ്യാസ് സിലിണ്ടൻ വലിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. അഗ്നിരക്ഷാ സേന എത്തി തീ പൂർണമായും അണച്ചു. ഷോർട് സർക്യൂട്ട് കാരണം വാഷിങ് മെഷീനു തീ പിടിച്ചതാണെന്നു സംശയിക്കുന്നു. ഇതിനു സമീപത്തായിരുന്നു ഗ്യാസ് സിലിണ്ടർ.
വീടിന്റെ അടുക്കള പൂർണമായി തകർന്നു. സീനിയർ ഫയർ ഓഫിസർ കെ.നാസർ, സേനാംഗങ്ങളായ കെ.അമീറുദ്ദീൻ, ജി.ആർ.അജേഷ്, വി.സലീം, കെ.എ.ഷിംജു, കെ.രജീഷ്, കെ.പി.അജീഷ്, എം.സുജിത്ത്, കെ.ഷനീബ്, സി.എഫ്.ജോഷി, വിജയകുമാർ, മനോജ് കുമാർ എന്നിവരടങ്ങുന്ന സംഘമാണു തീ അണച്ചത്.