പ്രമുഖ താരങ്ങളുടെ മകളാണെന്നും മകനാണെന്നും ഭാര്യയാണെന്നും കാമുകിയാണെന്നുമൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ച് പലരും കടന്നു വന്ന് കോളിളക്കം സൃഷ്ടിക്കുന്ന സവിശേഷ കാലഘട്ടത്തിലാണ് നമ്മൾ നിൽക്കുന്നത്. പ്രത്യേകിച്ച് സോഷ്യൽ മീഡിയാക്കാലം കൂടിയായതുകൊണ്ട് തന്നെ കാര്യങ്ങളുടെ നിജസ്ഥിതി പുറത്തു വരുമുന്നേ ആരോപണങ്ങൾ വൈറലാകുന്നതും സത്യം അറിഞ്ഞുവരുമ്പോഴേക്കും കുറ്റാരോപിതൻ കുറ്റക്കാരനാവുന്നതുമെല്ലാം പതിവ് കാഴ്ചയാണ്. ഐശ്വര്യ റായിയുടെ മകനാണെന്ന് പറഞ്ഞ് യുവാവ് എത്തിയതും ധനുഷിന്റെ അമ്മയും അച്ഛനുമാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികൾ എത്തിയതുമെല്ലാം നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ഇത്തരത്തിൽ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. തന്റെ വിവാഹം കഴിഞ്ഞ ശേഷം ഒരിക്കല്‍ തന്റെ ഭാര്യയാണെന്ന വാദവുമായിഒരു ആരാധിക വന്നുവെന്നാണ് പൃഥ്വിരാജ് പറയുന്നത്.
”അതൊരു ട്രൊമാറ്റിക് അനുഭവമായിരുന്നു. ഒരു ദിവസം എനിക്ക് പ്രസ് ക്ലബില്‍ നിന്നൊരു കോള്‍ വന്നു. ഒരു പെണ്‍കുട്ടി പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്നും എന്റെ ഭാര്യയാണെന്നുമാണ് പറയുന്നതെന്നും അവര്‍ പറഞ്ഞു. അവര്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികളുമായാണ് വന്നത്. എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. ഞാന്‍ അന്ന് വിവാഹിതനാണ്. പക്ഷെ അത് തട്ടിപ്പാണെന്ന് പത്ര പ്രവര്‍ത്തകര്‍ മനസിലാക്കി” എന്നാണ് പൃഥ്വിരാജ് പറയുന്നത്.









